World

സൗദി രാജകുടുംബത്തില്‍ അസ്വാരസ്യം പടരുന്നു

ബെയ്‌റൂത്ത്: വിമത സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയെ ഇസ്താംബൂളില്‍നിഷ്ഠുരമായി കൊലപ്പെടുത്തിയതിനെച്ചൊല്ലി അന്താരാഷ്ട്രതലത്തില്‍ സൗദിക്കെതിരേ പ്രതിഷേധം കനക്കുന്നതിനിടെ സൗദി രാജകുടുംബത്തിനകത്തും അസ്വാരസ്യം പുകയുന്നു. രാജകുടുംബാംഗങ്ങളിലെ നിരവധി പേരാണ് രാജാവിനും കിരീടാവകാശിക്കുമെതിരേ പ്രതിഷേധമുയര്‍ത്തുന്നത്.
തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി വിഷയം ചര്‍ച്ചചെയ്യാന്‍ നിയോഗിക്കപ്പെട്ട മുതിര്‍ന്ന രാജകുടുംബാംഗം ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ ഏറെ നിരാശനായാണ് തിരിച്ചെത്തിയത്. ഈ പ്രതിസന്ധിയില്‍നിന്നു കരകയറുകയെന്നത് ഏറെ പ്രയാസകരമാണെന്നാണ് തിരിച്ചെത്തിയ ഖാലിദ് കുടുംബാംഗങ്ങളോട് വ്യക്തമാക്കിയത്. കൊലപാതകം തന്നെ ശരിക്കും അസ്വസ്ഥനാക്കിയെന്ന് പേരുവെളിപ്പെടുത്താത്ത മറ്റൊരു രാജകുടുംബാംഗം പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു.
2001 സപ്തംബര്‍ 11ന് ലോകവ്യാപാര കേന്ദ്രത്തിനു നേരെ സൗദി പൗരന്‍മാര്‍ ഉള്‍പ്പെട്ട സംഘം ആക്രമണം നടത്തിയതിനു ശേഷം സൗദി അറേബ്യ അകപ്പെട്ട ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണിത്. രാജ്യത്തിന്റെ ദൈനംദിന കാര്യങ്ങള്‍ തീരുമാനിക്കുന്ന സല്‍മാന്‍ രാജാവിന്റെ പ്രിയപുത്രനും 33കാരനുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിനു കീഴില്‍ രാജ്യത്തിന്റെ ഈ തെറ്റായ പോക്കിനെച്ചൊല്ലി കുടുംബാംഗങ്ങള്‍ക്കിടയില്‍ കനത്ത അസ്വസ്ഥത നിലനില്‍ക്കുകയാണ്. രാജ്യ- കുടുംബ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി 2011ലെ പ്രതിസന്ധിയില്‍ രാജകുടുംബാംഗങ്ങള്‍ ഒരുമിച്ച് നിന്നിരുന്നുവെങ്കില്‍ ഇത്തവണ കാര്യങ്ങള്‍ എളുപ്പമല്ലെന്നാണ് കൊട്ടാരത്തിനകത്തുനിന്നു വരുന്ന സൂചനകള്‍.
ബിന്‍ സല്‍മാന്റെ അധികാരഭ്രാന്തിനും അഹങ്കാരത്തിനുമെതിരേ കുടുംബാംഗങ്ങള്‍ക്കിടയില്‍ പ്രതിഷേധം വ്യാപകമാണ്. 82കാരനായ സല്‍മാന്‍ രാജാവിന് മകന്റെ ഈ പോക്കിന് തടയിടാന്‍ കഴിയുന്നില്ലെന്ന ആക്ഷേപവും വ്യാപകമാണ്. ചുറ്റും എന്താണ് നടക്കുന്നതെന്ന കാര്യം പോലും രാജാവിന് അറിയില്ലെന്നും ചിലര്‍ കുറ്റപ്പെടുത്തുന്നു.
ഈ പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ രാജാവിന് ശേഷിയില്ലെന്ന് പേരുവെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ മുതിര്‍ന്ന രാജകുമാരന്റെ സ്റ്റാഫംഗം വ്യക്തമാക്കി. ബിന്‍ സല്‍മാന്‍ തന്നെയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും സല്‍മാന്‍ രാജാവിന് പ്രത്യേകിച്ച് റോളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it