സൗദി പെട്രോളിയം മന്ത്രിയെയും ഹജ്ജ് മന്ത്രിയെയും ചുമതലയില്‍ നിന്നു മാറ്റി

റിയാദ്: സൗദി പെട്രോളിയം ആന്റ് മിനറല്‍ മന്ത്രി എന്‍ജിനീയര്‍ ഇബ്രാഹീം അല്‍ നഈമിയെയും ഹജ്ജ് മന്ത്രി ഡോ. ബന്‍ദര്‍ ബിന്‍ ഹജ്ജാറിനെയും തല്‍സ്ഥാനത്തു നിന്നു നീക്കി രാജാവ് ഉത്തരവിറക്കി. പുതിയ ഹജ്ജ്-ഉംറ മന്ത്രിയായി മുഹമ്മദ് ബന്‍ദാനെ നിയമിച്ചു. ആരോഗ്യമന്ത്രിയും സൗദി അരാംകോ കൗണ്‍സില്‍ തലവനുമായ എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹിനെ പുതുതായി രൂപം നല്‍കിയ ഊര്‍ജ, വ്യവസായ ധാതു നിക്ഷേപ മന്ത്രിയായി നിയമിച്ചു. സൗദി വാണിജ്യ-വ്യവസായ മന്ത്രി ഡോ. തൗഫീഖ് ഫൗസാന്‍ മുഹമ്മദ് അല്‍ റബീഅയില്‍ നിന്ന് പ്രസ്തുത വകുപ്പ് ഒഴിവാക്കി അദ്ദേഹത്തെ ആരോഗ്യമന്ത്രിയായി നിയമിച്ചു. സാമൂഹികക്ഷേമ മന്ത്രിയായിരുന്ന ഡോ. മാജിദ് അബ്ദുല്ലാ അല്‍ ഖസ്ബിയെ പ്രസ്തുത വകുപ്പില്‍ നിന്നു മാറ്റി സൗദി വാണിജ്യനിക്ഷേപ മന്ത്രിയാക്കി. സുലൈമാന്‍ അബ്ദുല്ലാ അല്‍ ഹംദാനാണ് പുതിയ ഗതാഗതമന്ത്രി. എന്‍ജിനീയര്‍ അബ്ദുല്ലാ അബ്ദുര്‍റഹ്മാന്‍ അല്‍ മുഖ്ബിലായിരുന്നു നേരത്തേ ഗതാഗതമന്ത്രി. ബന്‍ദര്‍ ബിന്‍ സഊദ് ബിന്‍ മുഹമ്മദ് അല്‍ സഊദ് രാജകുമാരനെയും അമീര്‍ ഫൈസല്‍ ബിന്‍ ഖാലിദ് ബിന്‍ സുല്‍ത്താനെയും അലി അല്‍ നഈമിയെയും റോയല്‍ കോടതി ഉപദേഷ്ടാക്കളായി നിയമിച്ചു. അമീര്‍ മുഹമ്മദ് ബിന്‍ സഊദ് ബിന്‍ ഖാലിദിനെ ശൂറാ കൗണ്‍സില്‍ അംഗമായി നിയമിച്ചു. ഡോ. ശൈഖ് സഊദ് അല്‍ ഷത് രിയെ റോയല്‍ കോടതി ഉപദേഷ്ടാവും ഉന്നത പണ്ഡിത സഭാംഗവുമായി നിയമിച്ചു. സൗദി വിഷന്‍ 2030 ലക്ഷ്യം നേടാനാണ് മന്ത്രിസഭാ ഘടനയില്‍ സമൂലമായ മാറ്റം വരുത്തിയത്.
Next Story

RELATED STORIES

Share it