Flash News

സൗദി ടൂറിസ്റ്റ് വിസ ഇന്ത്യാക്കാര്‍ക്കില്ല, ഒറ്റയ്ക്ക് സന്ദര്‍ശിക്കാന്‍ അനുവാദമുണ്ടാകില്ല

സൗദി ടൂറിസ്റ്റ് വിസ ഇന്ത്യാക്കാര്‍ക്കില്ല, ഒറ്റയ്ക്ക് സന്ദര്‍ശിക്കാന്‍ അനുവാദമുണ്ടാകില്ല
X


റിയാദ് :സൗദി അറേബ്യ ടൂറിസ്റ്റ് വിസ അനുവദിക്കുന്നതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. വിദേശ വിനോദ സഞ്ചാരികള്‍ക്ക് ഒറ്റക്ക് സന്ദര്‍ശിക്കുന്നതിന് വിസ അനുവദിക്കില്ല. നാലു പേരെങ്കിലും ഉള്ള ഗ്രൂപ്പുകള്‍ക്കാണ് ടൂറിസ്റ്റ് വിസ അനുവദിക്കുക. ടൂറിസ്റ്റ് വിസ അനുവദിക്കുന്ന രാജ്യങ്ങളുടെ ആദ്യഘട്ട പട്ടികയില്‍ ഇന്ത്യയുടെ പേരില്ല എന്നും വ്യക്തമായി. അനുവദിക്കപ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇലക്ട്രോണിക് ടൂറിസ്റ്റ് വിസകള്‍ അനുവദിക്കുന്നത് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ആരംഭിക്കുമെന്നാണറിയുന്നത്.
ഉത്തര, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍, ജപ്പാന്‍, ചൈന, സിംഗപ്പൂര്‍, മലേഷ്യ, ബ്രൂണൈ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും യൂറോപ്പിലെ ഷെന്‍ഗന്‍ വിസ മേഖലയില്‍പെട്ട 25 രാജ്യക്കാര്‍ക്കുമാണ്  ആദ്യ ഘട്ടത്തില്‍ ടൂറിസ്റ്റ് വിസകള്‍ അനുവദിക്കുക.
മുപ്പതു വയസില്‍ കുറവ് പ്രായമുള്ള വനിതകള്‍ക്ക് അടുത്ത ബന്ധുവിന് (മഹ്‌റം) ഒപ്പമല്ലാതെ വിസ അനുവദിക്കില്ല. ടൂറിസ്റ്റ് ഗ്രൂപ്പിന്റെ ഭാഗമായാണ് വിസ ഇവര്‍ക്ക് അനുവദിക്കുക. എന്നാല്‍ മുപ്പതു വയസില്‍ കൂടുതല്‍ പ്രായമുള്ള വനിതകള്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിന് മഹ്‌റം ഒപ്പമുണ്ടാകണമെന്ന് വ്യവസ്ഥയില്ല. എന്നാല്‍ ഇവര്‍ക്കും ഗ്രൂപ്പിന്റെ ഭാഗമായി മാത്രമേ വിസ അനുവദിക്കുകയുള്ളൂ.
അതേസമയം മഹ്‌റം നിര്‍ബന്ധമായ പ്രായപരിധി ഇരുപത്തിയഞ്ച് ആയാണ് നിശ്ചയിച്ചിട്ടുള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ടൂറിസ്റ്റ് ഗ്രൂപ്പുകള്‍ അവര്‍ സന്ദര്‍ശിക്കാനുദ്ദേശിക്കുന്ന പ്രദേശങ്ങള്‍, റൂട്ടുകള്‍, സമയക്രമം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി അറിയിച്ചശേഷം, അതാത് വകുപ്പുകളില്‍നിന്ന് അനുമതി സമ്പാദിക്കേണ്ടതുണ്ട്. ആഭ്യന്തര, വിദേശ മന്ത്രാലയങ്ങളുടെ വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതോടെ വ്യവസ്ഥകള്‍ക്കനുസൃതമായി ഗ്രൂപ്പുകള്‍ക്ക് വിസ അനുവദിക്കും.
അംഗീകൃത വിദേശ ടൂര്‍ ഓപ്പറേറ്റമാരും സൗദിയില്‍ ലൈസന്‍സുള്ള ടൂര്‍ ഓപ്പറേറ്റര്‍മാരും ചേര്‍ന്നാണ് വിദേശ വിനോദ സഞ്ചാരികള്‍ക്കുള്ള യാത്രകള്‍ സംഘടിപ്പിക്കേണ്ടത്. സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജ് ലൈസന്‍സുള്ളവര്‍ക്കു മാത്രമാണ് വിദേശ ടൂറിസ്റ്റ് ഗ്രൂപ്പുകള്‍ക്ക് സേവനം നല്‍കുന്നതിന് അനുമതിനല്‍കുക.
ഓരോ ഗ്രൂപ്പിനൊപ്പവും ഒരു ടൂര്‍ ഗൈഡിനെ നിര്‍ബന്ധമായി നിയോഗിക്കേണ്ടതുണ്ട്. സന്ദര്‍ശകരുടെ ഭാഷയില്‍ പരിജ്ഞാനമുള്ളവരെയും സംഘം സന്ദര്‍ശിക്കുന്ന പ്രവിശ്യയുടെ ചരിത്രത്തെയും സംസ്‌കാരത്തെയും കുറിച്ച് അറിവുള്ളവരെയുമാണ് ഗൈഡുമാരായി നിയോഗിക്കുക.
അമുസ്‌ലിംകള്‍ക്ക് വിലക്കുള്ള മക്കയും മദീനയും ഗ്രൂപ്പുകളുടെ സന്ദര്‍ശന പരിപാടിയില്‍ ഉള്‍പ്പെടുത്തില്ല.
സൗദിയിലെ പാരമ്പര്യങ്ങളും ആചാരങ്ങളും ഇസ്‌ലാമിക മൂല്യങ്ങളും വിദേശ ടൂറിസ്റ്റുകള്‍ മാനിക്കണമെന്നും ഇക്കാര്യം സൗദിയില്‍ പ്രവേശിക്കുന്നതിനു മുമ്പായി ടൂറിസ്റ്റുകളെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ അറിയിച്ചിരിക്കണമെന്നും നിര്‍ദേശമുണ്ട്.
Next Story

RELATED STORIES

Share it