Flash News

സൗദി: കാംപയിന്റെ ഭാഗമായി കൂടുതല്‍ അറസ്റ്റുകളുണ്ടാവുമെന്ന് സൂചന

സൗദി: കാംപയിന്റെ ഭാഗമായി കൂടുതല്‍ അറസ്റ്റുകളുണ്ടാവുമെന്ന് സൂചന
X


റിയാദ്: സൗദി അറേബ്യയില്‍ അഴിമതി, അധികാര ദുര്‍വിനിയോഗം, കൈകൂലി തുടങ്ങിയ ദുഷ്‌ചെയ്തികള്‍ തുടച്ചു നീക്കുന്നതിനുള്ള കാപയിന്റെ ഭാഗമായി കൂടുതല്‍ അറസ്റ്റുകളുണ്ടാകുമെന്ന്് സൂചന. ഉയര്‍ന്ന തലത്തിലുള്ളവരെ കസ്റ്റഡിയിലെടുത്തു കൊണ്ട് താഴെ തട്ട് വരെ വൃത്തിയാക്കാനാണ് സൗദി സര്‍ക്കാര്‍ തീരുമാനം. ഏറെ കാലമായി രാജ്യത്തിന്റെ പൊതു ഖജനാവ് കൊള്ളയടിക്കുന്ന ചില മാഫിയകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അവയെ ഇല്ലായ്മ ചെയ്യാനും രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ക്കുന്ന അഴിമതി അധികാര ദുര്‍വിനിയോഗം അമര്‍ച്ച ചെയ്യാനും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് നവംബര്‍ 4ന് വൈകുന്നേരം കിരീടാവകാശിയെ മേധാവിയാക്കി പുതിയ അഴിമതി വിരുദ്ധ സമിതിക്ക് രൂപം നല്‍കിയത്.

കരാറുകളിലും മറ്റുമുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും പൊതുമുതല്‍ കവര്‍ന്നെടുക്കുന്ന സ്ഥാപനളെയും വ്യക്തികളെയും കണ്ടെത്തല്‍, അഴിമതി നടത്തിയതായി സംശയിക്കുന്നവരെ കുറിച്ച് അന്വേഷണം നടത്തല്‍, പിന്നീട് കസ്റ്റഡിയിലെടുക്കാന്‍ ഉത്തരവിറക്കല്‍, യാത്രയ്ക്ക് നിരോധനമേര്‍പ്പെടുത്തല്‍, അക്കൗണ്ടുകള്‍ പരിശോധിക്കല്‍, അവ മരവിപ്പിക്കല്‍, പണം എങ്ങോട്ടെല്ലാം മാറ്റിയെന്ന് കണ്ടെത്തല്‍, അവ മാറ്റുന്നത് തടയല്‍, അഴിമതിയിലൂടെ സമ്പാദിക്കുകയും രാജ്യത്തിനകത്തും പുറത്തും നിക്ഷേപിക്കുകയും ചെയ്ത പണം തിരിച്ചു കൊണ്ടുവന്ന് പൊതു ഖജനാവില്‍ നിക്ഷേപിക്കല്‍, അഴിമതിയിലൂടെ വാങ്ങിച്ചു കൂട്ടിയ കെട്ടിടങ്ങളും സ്ഥാപനങ്ങളും കണ്ടുകെട്ടല്‍, തുടര്‍ന്ന് സര്‍ക്കാരിന്റെ പേരിലേക്ക് മാറ്റല്‍ തുടങ്ങിയ ഉത്തരവാദിത്തങ്ങളും അധികാരങ്ങളുമാണ് സമിതിക്കുണ്ടാവുക. സമിതിയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായി വരുന്ന ഉദ്യോഗസ്ഥരെയും മറ്റും നിയമിക്കുന്നതിനും അധികാരമുണ്ടായിരിക്കും. സമിതി രൂപീകൃതമായി ഉത്തരവ് പുറത്ത് വന്നതിനോടൊപ്പം ഉന്നതരെ പിടികൂടിക്കൊണ്ടുള്ള ഉത്തരവും പ്രാബല്യത്തില്‍ വന്നത് ശ്രദ്ധേയമാണ്. പിടികൂടുന്നവുടെ സ്ഥാനവും സമ്പത്തും പരിഗണിക്കാതെ അവരുടെ പേര്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയത് എല്ലാവരെയും ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്.

11 രാജകുമാരന്മാരും മന്ത്രിമാരും വാണിജ്യ വ്യവസായ പ്രമുഖരുമായി 38 പേരാണ് സമിതി നിലവില്‍ വന്ന് ഒരു ദിവസത്തിനകം പിടിയിലായത്. സൗദി സമ്പന്നനും ലോകത്ത് അറിയപ്പെടുന്ന ബിസിനസ്സുകാരനുമായ വലീദ് ബിന്‍ ത്വലാല്‍ രാജകുമാരന്‍, ഇപ്പോഴത്തെ നാഷണല്‍ ഗാര്‍ഡ് മന്ത്രി മിത്അബ്് ബിന്‍ അബ്ദുല്ലാ രാജകുമാരന്‍, റിയാദ് മുന്‍ ഗവര്‍ണര്‍ തുര്‍കി ബിന്‍ അബ്ദുല്ലാ രാജകുമാരന്‍, മുന്‍ കാലാവസ്ഥാ വിഭാഗ മേധാവി തുര്‍കി ബിന്‍ നാസിര്‍ രാജകുമാരന്‍, മുന്‍ പ്രതിരോധ ഉപമന്ത്രി ഫഹദ് ബിന്‍ അബ്ദുല്ലാ ബിന്‍ മുഹമ്മദ് രാജകുമാരന്‍, മുന്‍ റോയല്‍ കോര്‍ട്ട് മേധാവി ഖാലിദ് അല്‍തുവൈജരി, മുന്‍ ധനമന്ത്രിയും ഇപ്പോഴത്തെ മന്ത്രിസഭാ അംഗവുമായ ഇബ്രാഹിം അല്‍ അസ്സാഫ്, മുന്‍ തൊഴില്‍ മന്ത്രിയും ഇപ്പോഴത്തെ ആസൂത്രണ മന്ത്രിയുമായ എന്‍ജിനീയര്‍ ആദില്‍ ഫഖീഹ്, മുന്‍ നിക്ഷേപക അതോറിറ്റി മേധാവി ഉമര്‍ ദുബാഗ്, സൗദി റോയല്‍ കോര്‍ട്ട് ഉന്നത മേധാവി മുഹമ്മദ് അല്‍തുബൈഷി, മുന്‍ ടെലി കമ്മ്യൂണിക്കേഷന്‍ മേധാവി സഊദ് അല്‍ദുവൈഷ്് സൗദി വ്യവസായ പ്രമുഖനും സൗദി ചേംബര്‍ കൗണ്‍സില്‍ തലവനുമായ സ്വാലിഹ് അല്‍കാമില്‍ അദ്ദേഹത്തിന്റെ രണ്ട് മക്കളായ അബ്ദുല്ല, മുഹ്‌യുദ്ദീന്‍, എംബിസി ചാനല്‍ ഉടമ വലീദ് അല്‍ബറാഹീം, കടല്‍ സേനാ മേധാവി അബ്ദുല്ലാ സുല്‍ത്വാന്‍, മുന്‍ സൗദി എയര്‍ ലൈന്‍സ് മേധാവി ഖാലിദ് അല്‍ മുല്‍ഹിം, ബിന്‍ ലാദന്‍ കമ്പനി ഗ്രൂപ്പ് തലവന്‍ ബകര്‍ ബിന്‍ ലാദന്‍, വ്യവസായ പ്രമുഖന്‍ മുഹമ്മദ് അല്‍അമൂദി തുടങ്ങിയവരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.

മന്ത്രിമാരായ മിത്അബ് ബിന്‍ അബ്ദുല്ലാ രാജകുമാരന്‍, ഇബ്രാഹിം അല്‍ അസ്സാഫ്, ആദില്‍ഫഖീഹ് തുടങ്ങിയവരെ തല്‍സ്ഥാനത്ത് നിന്നും നീക്കം ചെയ്തിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് സൂചന.
Next Story

RELATED STORIES

Share it