Flash News

സൗദി: ഒന്നേകാല്‍ വര്‍ഷത്തിനിടെ ജോലി പോയത് ഏഴുലക്ഷം വിദേശികള്‍ക്ക്‌

റിയാദ്: സ്വദേശിവല്‍ക്കരണ നടപടികള്‍ കാരണം സൗദിയില്‍ 15 മാസത്തിനിടെ സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ടത് ഏഴു ലക്ഷത്തിലേറെ വിദേശികള്‍ക്ക്. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സാണ് ഈ കണക്കു പുറത്തുവിട്ടത്. എന്നാല്‍ ഇതേ കാലത്തു സൗദി ജീവനക്കാരുടെ എണ്ണത്തില്‍ 89,000 പേരുടെ വര്‍ധനവാണ് ഉണ്ടായത്.
കഴിഞ്ഞ വര്‍ഷത്തിന്റെ തുടക്കം മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലത്ത് തൊഴില്‍ വിപണിയില്‍ വിദേശികളുടെ എണ്ണത്തില്‍ 7,00,200ഓളം പേരുടെ കുറവാണ് ഉണ്ടായത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന സൗദികള്‍ 31,50,409 ആണ്.
1,01,83,104 വിദേശ തൊഴിലാളികളും സൗദിയിലുണ്ട്. ഈ വര്‍ഷം ആദ്യ പാദത്തില്‍ വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ 2,34,191 പേരുടെ കുറവുണ്ടായി. മൂന്നു മാസത്തിനിടെ ഇത്രയും പേര്‍ക്കു സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ടു. ഈ വര്‍ഷം ആദ്യ പാദാവസാനത്തെ കണക്കുകള്‍ പ്രകാരം സൗദിയില്‍ 10.18 ദശലക്ഷം വിദേശ തൊഴിലാളികളാണുള്ളത്. കഴിഞ്ഞ വര്‍ഷം അവസാന പാദത്തില്‍ വിദേശ തൊഴിലാളികള്‍ 10.42 ദശലക്ഷം ആയിരുന്നു.
ഇക്കാലയളവില്‍ പുതിയ വിസകളില്‍ സൗദിയിലെത്തിയ വിദേശികളുടെ എണ്ണം കൂടി കണക്കിലെടുത്താല്‍ സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണം ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ടതിനേക്കാള്‍ കൂടുതലായിരിക്കും.
സൗദിയിലെ വിദേശികള്‍ നിയമാനുസൃത രീതിയില്‍ നാട്ടിലേക്ക് അയച്ച പണത്തിന്റെ കണക്കും പുറത്തുവന്നു. ഈ വര്‍ഷം ആദ്യത്തെ അഞ്ചു മാസത്തിനിടെ സൗദിയിലെ വിദേശികള്‍ നിയമാനുസൃത മാര്‍ഗങ്ങളിലൂടെ 6046 കോടി റിയാല്‍ സ്വദേശങ്ങളിലേക്ക് അയച്ചതായി സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ആദ്യത്തെ അഞ്ചു മാസത്തിനിടെ വിദേശികളുടെ റെമിറ്റന്‍സ് 6060 കോടി റിയാലായിരുന്നു. മെയില്‍ മാത്രം വിദേശികള്‍ 1275 കോടി അയച്ചു. ഏപ്രിലില്‍ ഇത് 1170 കോടിയായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം മെയ് മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മെയില്‍ വിദേശികളുടെ പണമയക്കലില്‍ രണ്ടു ശതമാനം കുറവു രേഖപ്പെടുത്തി. അതേസമയം
മെയില്‍ സൗദികള്‍ വിദേശങ്ങളിലേക്ക് അയച്ച പണം 590 കോടി റിയാലായി ഉയര്‍ന്നു.
ഏപ്രിലിനെ അപേക്ഷിച്ച് 20 ശതമാനം കൂടുതലാണിത്. ഏപ്രിലില്‍ 490 കോടി റിയാലാണു വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് സൗദികള്‍ വിദേശങ്ങളിലേക്ക് അയച്ചത്.
Next Story

RELATED STORIES

Share it