Flash News

സൗദി ആശുപത്രിയിലെ തീപ്പിടുത്തം; മരണം 31 ആയി

ജിദ്ദ: സൗദി അറേബ്യയിലെ തെക്കുപടിഞ്ഞാറന്‍ തുറമുഖനഗരമായ ജിസാനിലെ ജനറല്‍ ആശുപത്രിയില്‍ വ്യാഴാഴ്ച ഉണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 31 ആയി.123 പേര്‍ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ ഏതാനും ഇന്ത്യക്കാര്‍ ഇവിടെ ജോലിചെയ്യുന്നുണ്ടെങ്കിലും മരിച്ചവരിലും പരിക്കേറ്റവരിലും മലയാളികളില്ല.
150 ബെഡ് സര്‍ക്കാര്‍ ആശുപത്രിയാണിത്. സൗദി സമയം ഇന്നലെ പുലര്‍ച്ചെ 2 മണിയോടെയാണ് അപകടം. ആശുപത്രിയുടെ ഒന്നാം നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. ഒന്നാം നിലയില്‍ തീവ്രപരിചരണ വിഭാഗം, സ്ത്രീകളുടെയും കുട്ടികളുടെയും വാര്‍ഡ്, ഒബ്‌സര്‍വേഷന്‍ വിഭാഗം എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. രണ്ടാം നിലയിലേക്കും തീ പടര്‍ന്നതോടെ നിരവധി പേര്‍ നാലുനില കെട്ടിടത്തിന്റെ മുകളില്‍ നിന്നു പ്രാണരക്ഷാര്‍ഥം ചാടിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. മരണനിരക്ക് ഉയരാനിടയുണ്ട്.
പരിക്കേറ്റവരെയും ആശുപത്രിയിലെ മറ്റു രോഗികളെയും അമീര്‍ മുഹമ്മദ് ബിന്‍ നാസിര്‍ ആശുപത്രി, അല്‍ഹയാത്ത് അല്‍വത്വനി ആശുപത്രി, അല്‍ഉമൈസ് ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റിയതായി ജിസാന്‍ സിവില്‍ ഡിഫന്‍സ് മേധാവി മേജര്‍ ജനറല്‍ സഅ്ദ് അല്‍ ഗാംദി അറിയിച്ചു. 17 ഫയര്‍ഫോഴ്‌സ് യൂനിറ്റുകള്‍ എത്തിയാണ് തീയണച്ചത്.
തീപ്പിടിത്തത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ജിസാന്‍ ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ നാസിര്‍ ഉത്തരവിട്ടു. ഇതിനായി സിവില്‍ ഡിഫന്‍സിനെ കൂടാതെ പ്രത്യേക അഡ്‌ഹോക് കമ്മിറ്റിയെയും ഗവര്‍ണര്‍ ചുമതലപ്പെടുത്തി.
ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ യമനിനോട് ചേര്‍ന്ന അതിര്‍ത്തിപ്രദേശത്തുള്ള ആശുപത്രിയില്‍ ഉണ്ടായ തീപ്പിടിത്തം തുടക്കത്തില്‍ ആശങ്കയ്ക്ക് ഇടയാക്കി.
Next Story

RELATED STORIES

Share it