Flash News

സൗദി അറേബ്യ, യുഎഇ, ബഹ്‌റയ്ന്‍, ഈജിപ്ത്, യമന്‍ എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചു



ദോഹ: ഭീകരതയെ സഹായിക്കുന്നുവെന്നും മേഖലയെ അസ്ഥിരപ്പെടുത്തുന്നുവെന്നും ആരോപിച്ച് സൗദി അറേബ്യ, യുഎഇ, ബഹ്‌റയ്ന്‍, ഈജിപ്ത്, യമന്‍, ലിബിയ എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചു. ഖത്തറുമായുള്ള ഗതാഗതബന്ധം വിച്ഛേദിക്കാനും ഗള്‍ഫ് രാജ്യങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ഖത്തറിലേക്കും പുറത്തേക്കുമുള്ള വ്യോമ, കടല്‍ ഗതാഗതബന്ധം വിച്ഛേദിക്കുന്നതായി സൗദിഅറേബ്യ, ബഹ്‌റയ്ന്‍, യുഎഇ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ പ്രസ്താവനയില്‍ അറിയിച്ചു. ഖത്തറിലേക്കുള്ള റോഡ് ഗതാഗതം അടയ്ക്കുമെന്ന് സൗദി പ്രസ് ഏജന്‍സി വ്യക്തമാക്കി. സൗദിയുടെ കര, വ്യോമ, ജല ഗതാഗത അതിര്‍ത്തി ഖത്തറിന് ഉപയോഗിക്കാനാവില്ലെന്ന് സൗദി വിദേശകാര്യ മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. സൗദി പൗരന്മാര്‍ക്ക് ഖത്തറിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഖത്തരി തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു. ഖത്തരി സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും രാജ്യം വിടുന്നതിനു രണ്ടാഴ്ച സമയം അനുവദിച്ചതായി റോയിറ്റേഴ്‌സ് റിപോര്‍ട്ട് ചെയ്തു. ഖത്തര്‍ നയതന്ത്രപ്രതിനിധികള്‍ 48 മണിക്കൂറിനകം രാജ്യം വിടണം. യമനില്‍ വിമതര്‍ക്കെതിരേ പോരാടുന്ന സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയില്‍നിന്ന് ഖത്തറിനെ ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്.അതിനിടെ, ഗള്‍ഫ് രാജ്യങ്ങള്‍ യോജിച്ചുനില്‍ക്കണമെന്നും അഭിപ്രായഭിന്നതകള്‍ പരിഹരിക്കണമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ ആവശ്യപ്പെട്ടു. മേഖലയിലും ആഗോളതലത്തിലുമുള്ള ഭീകരതയ്‌ക്കെതിരായ യോജിച്ച പോരാട്ടത്തെ ഇത് ഒരുതരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞദിവസം ഖത്തര്‍ ന്യൂസ് ഏജന്‍സിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യുകയും ഖത്തര്‍ അമീറിന്റെ പേരില്‍ തെറ്റായ വാര്‍ത്തകള്‍ പുറത്തുവിടുകയും ചെയ്തതിനു പിന്നാലെയാണ് പുതിയ സംഭവവികാസങ്ങള്‍. ഇതേത്തുടര്‍ന്ന് അമേരിക്കയിലെ യുഎഇ അംബാസഡറുടെ ഇ-മെയില്‍ ചോര്‍ത്തി പുറത്തുവിട്ട വിവരങ്ങളില്‍നിന്ന്, ഇസ്രായേലും ചില ഗള്‍ഫ് രാജ്യങ്ങളും ചേര്‍ന്ന് ഖത്തറിനെതിരേ നടത്തുന്ന ഗൂഢാലോചനകളും വെളിച്ചത്തുവന്നിരുന്നു.
Next Story

RELATED STORIES

Share it