സൗദിയുടെ ഭീകരവിരുദ്ധ സഖ്യം; അറിഞ്ഞില്ലെന്ന് പാകിസ്താന്‍

ഇസ്‌ലാമാബാദ്: ഭീകരതയെ നേരിടാന്‍ സൗദി അറേബ്യ പ്രഖ്യാപിച്ച 34 രാജ്യങ്ങളുടെ ഇസ്‌ലാമിക സൈനിക സഖ്യത്തില്‍ തങ്ങളെ ഉള്‍പ്പെടുത്തിയത് ആലോചിക്കാതെയാണെന്നു പാകിസ്താന്‍. സൗദി അധികൃതരോട് ഇക്കാര്യത്തില്‍ വിശദീകരണം ആരായാന്‍ റിയാദിലെ തങ്ങളുടെ നയതന്ത്ര പ്രതിനിധിയോടു പാകിസ്താന്‍ ആവശ്യപ്പെട്ടു. ഇസ്‌ലാമിക സൈനിക സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച് സൗദി ചര്‍ച്ച ചെയ്തിരുന്നില്ലെന്ന് വിദേശകാര്യ സെക്രട്ടറി ഐസാസ് ചൗധരി മാധ്യമങ്ങളോട് പറഞ്ഞു. ചൊവ്വാഴ്ച സൗദി 34 രാജ്യങ്ങളുടെ സൈനിക കൂട്ടായ്മ പ്രഖ്യാപിച്ചപ്പോള്‍ തങ്ങളുടെ പേര് ഉള്‍പ്പെട്ടത് ആശ്ചര്യത്തോടെയാണ് കേട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അണ്വായുധം കൈവശമുള്ള ഏക മുസ്‌ലിം രാജ്യമായ പാകിസ്താനെ ഇതിനു മുമ്പും സൗദി കൂടിയാലോചനയില്ലാതെ സഖ്യസേനകളില്‍ ഉള്‍പ്പെടുത്തിയിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഈ വര്‍ഷം ആദ്യത്തില്‍ യമനില്‍ ആക്രമണം തുടങ്ങുന്നതിനു രൂപീകരിച്ച സഖ്യത്തില്‍ പാകിസ്താനെ ഉള്‍പ്പെടുത്തിയത് ചര്‍ച്ച ചെയ്യാതെയായിരുന്നു. തുടര്‍ന്ന് യമനിലേക്കു സൈന്യത്തെ അയക്കാന്‍ പാകിസ്താന്‍ വിസമ്മതിച്ചു. സൈനിക ജനറല്‍ റാഹീല്‍ ശരീഫ് അടുത്തിടെ വാഷിങ്ടണ്‍ സന്ദര്‍ശിച്ചപ്പോള്‍ ഇസ്‌ലാമിക് സ്റ്റേറ്റ് വിരുദ്ധ സൈനിക നടപടിയില്‍ പങ്കാളികളാവണമെന്ന അമേരിക്കയുടെ ആവശ്യം അദ്ദേഹം തള്ളിയിരുന്നു.
Next Story

RELATED STORIES

Share it