സൗദിയില്‍ ഷെല്ലാക്രമണം; മലയാളി ഉള്‍പ്പെടെ മൂന്നു മരണം

ജിദ്ദ: സൗദിയിലെ യമന്‍ അതിര്‍ത്തിപ്രദേശമായ ജിസാനില്‍ ഹൂഥികള്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. കൊല്ലം ഇഞ്ചവള ചിറ്റയം മുണ്ടക്കല്‍ സ്വദേശി തെക്കേ ചെരുവിള വീട്ടില്‍ ജരീസ് മത്തായി (45) ആണ് മരിച്ചത്. മരിച്ച മറ്റു രണ്ടു പേര്‍ ജരീസിന്റെ തൊഴിലുടമയായ സൗദി പൗരന്റെ മക്കളാണ്.
ജിസാനിലെ സാംതക്കടുത്ത് കടലോര മേഖലയായ മുവസ്സം എന്ന സ്ഥലത്താണ് ഷെല്‍ പതിച്ചത്. ഇന്നലെ പ്രാദേശിക സമയം 1.30ഓടെയാണ് ആക്രമണം. ജിസാനിലെ സാംതയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ മുവസ്സമില്‍ മല്‍സ്യത്തൊഴിലാളിയായിരുന്നു ജരീസ്. ഇവിടെയുള്ള പോലിസ് ഔട്ട്‌പോസ്റ്റിനു സമീപം ഷെല്‍ പതിച്ച ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോള്‍ വീണ്ടും ഷെല്ലാക്രമണം ഉണ്ടാവുകയായിരുന്നു. തെക്കേ ചെരുവിള മത്തായി-കൊച്ചുമറിയ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷീബ. മക്കള്‍: ജോഷി (16), ടിന്റു (14).
12 വര്‍ഷമായി മുവസ്സമില്‍ മല്‍സ്യബന്ധന ജോലി ചെയ്യുന്ന ജരീസ് നാലു മാസം മുമ്പാണ് അവധി കഴിഞ്ഞെത്തിയത്. ഷെല്ലാക്രമണത്തെ തുടര്‍ന്ന് പ്രദേശത്തെ മലയാളികള്‍ക്ക് സുഹൃത്തുക്കളും മറ്റും സാംതയിലും പരിസരപ്രദേശങ്ങളിലും താമസസൗകര്യം ഒരുക്കി. നേരത്തേ സപ്തംബര്‍ 18, 20 തിയ്യതികളിലും ജിസാനില്‍ ഷെല്‍ ആക്രമണത്തില്‍ രണ്ടു മലയാളികള്‍ മരിച്ചിരുന്നു.
Next Story

RELATED STORIES

Share it