സൗദിയില്‍ വാഹനാപകടങ്ങളില്‍ മരിച്ച മലയാളികള്‍ക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം

നിഷാദ് അമീന്‍
ജിദ്ദ: 2013ല്‍ സൗദിയില്‍ വാഹനാപ—കടങ്ങളില്‍ മരിച്ച രണ്ടു മലയാളികള്‍ക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം. തൃശൂര്‍ എളവള്ളി സൗത്ത് സ്വദേശി കൈതാരത്ത് ബേബിയുടെ മകന്‍ സെബി (34), തൃശൂര്‍ വാടാനപ്പള്ളി സ്വദേശി വഴിനടക്കല്‍ ദാസന്റെ മകന്‍ ഷാരോണ്‍ (28) എന്നിവരുടെ കുടുംബങ്ങള്‍ക്ക് മൂന്നുലക്ഷം റിയാല്‍ വീതം (ഏതാണ്ട് 51.27 ലക്ഷം രൂപ) ആണു വാഹന ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം അനുവദിച്ചത്.
ഇവര്‍ ജോലിചെയ്തിരുന്ന തബൂക്കിലെ ആസ്ട്ര ഫാം കമ്പനി നടത്തിയ നിയമനടപടികളിലൂടെയാണ് ആദ്യം തള്ളിപ്പോയ അപേക്ഷകളില്‍ നഷ്ടപരിഹാരം അനുവദിച്ചുകിട്ടിയത്. കമ്പനിയിലെ അക്കൗണ്ടന്റും തബൂക്ക് ഇന്ത്യന്‍ സ്‌കൂള്‍ ഭരണസമിതി ചെയര്‍മാനുമായ ഷാബു ഹബീബും ആവശ്യമായ സഹായങ്ങള്‍ നല്‍കി. തുക അനുവദിച്ചുകൊണ്ടുള്ള ചെക്ക് കമ്പനിക്ക് ലഭിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റിന് കമ്പനി ഉടന്‍ ചെക്ക് കൈമാറും. തൃശൂര്‍ ജില്ലാ കലക്ടര്‍ മുഖാന്തരം നാട്ടിലുള്ള കുടുംബത്തിന് ട്രഷറിയില്‍ നിന്ന് പണം ലഭ്യമാവും.
2012 ജൂണ്‍ 12നാണ് തൃശൂര്‍ സ്വദേശികളും സുഹൃത്തുക്കളുമായ സെബിയും ഷാരോണും തബൂക്കില്‍ ഡ്രൈവര്‍മാരായി ജോലിക്കു വന്നത്. മൂന്നുമാസത്തിനു ശേഷം ജോലിഭാരവും രാത്രിയിലെ യാത്രയും കാരണം നാട്ടിലേക്കു മടങ്ങാന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് തബൂക്കിലെ സാമൂഹികപ്രവര്‍ത്തകന്‍ ഉണ്ണി മുണ്ടുപറമ്പില്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇവര്‍ പരാതി നല്‍കിയിരുന്നു. പരാതി കോണ്‍സുലേറ്റിന് കൈമാറുകയും കോണ്‍സുലേറ്റിന്റെ കൂടി ഇടപെടലിനെ തുടര്‍ന്ന് ജോലിഭാരം ലഘൂകരിച്ചുനല്‍കുകയും ചെയ്തു. വീണ്ടും ജോലിയില്‍ പ്രവേശിച്ച് ഏകദേശം 15 ദിവസത്തിനു ശേഷം 2013 ജനുവരി 9ന്് ജിദ്ദ-യാമ്പു ഹൈവേയിലെ റാബഗില്‍ രാത്രിയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട വാഹനത്തിനു പിറകില്‍ വാഹനമിടിച്ചാണ് ഷാരോണ്‍ മരിച്ചത്. അവിവാഹിതനാണ്.
ഈ മരണത്തിന്റെ ആഘാതത്തില്‍ സെബി മൂന്നുമാസത്തോളം ജോലിക്കു പോയിരുന്നില്ല. നാട്ടില്‍ പോവാന്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും കമ്പനി അനുവദിച്ചില്ല. തുടര്‍ന്ന് ജോലിഭാരം കുറഞ്ഞ വിഭാഗത്തിലേക്കു മാറ്റി. 2013 മെയ് ഒന്നിന് ആദ്യയാത്രയില്‍ നേരത്തേ കൂട്ടുകാരന്‍ മരിച്ച അതേ സ്ഥലത്തുവച്ചു തന്നെ സെബിയും മരിച്ചു. ജിഷയാണ് സെബിയുടെ ഭാര്യ. ആറുവയസ്സായ കുട്ടിയുണ്ട്.
രണ്ടു കേസുകളിലും ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കാന്‍ വിസമ്മതിച്ച് അപേക്ഷ തള്ളി. വാഹനം ഓടിക്കവെ ഉറങ്ങിയതാണ് അപകട കാരണമെന്ന റിപോര്‍ട്ടാണ് അപേക്ഷ തള്ളാന്‍ കാരണം. തുടര്‍ന്ന് വീണ്ടും അപേക്ഷ സമര്‍പ്പിച്ച് നിയമനടപടികളിലൂടെയാണ് തുക അനുവദിച്ചുകിട്ടിയത്.
നിര്‍ത്തിയിട്ട വാഹനത്തിനു പിന്നിലാണ് ഇടിച്ചത് എന്നതിനാല്‍ അപകടത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഡ്രൈവര്‍മാരുടെ പേരിലാണ് ചുമത്തിയിരുന്നത്.
Next Story

RELATED STORIES

Share it