സൗദിയില്‍ യുവാക്കള്‍ക്ക് സ്‌പോണ്‍സര്‍മാരുടെ ക്രൂരമര്‍ദ്ദനം

ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് സ്വദേശികളായ മൂന്നു യുവാക്കള്‍ക്ക് സൗദി അറേബ്യയിലെ അബഹയില്‍ അറബിയുടെയും സ്‌പോണ്‍സര്‍മാരുടെയും ക്രൂരമര്‍ദ്ദനം. തൊഴില്‍ തട്ടിപ്പിനിരയായ ഇവര്‍ നാട്ടില്‍ ട്രാവല്‍ ഏജന്‍സിക്കെതിരേ നല്‍കിയ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണു മര്‍ദ്ദിച്ചതെന്ന് യുവാക്കള്‍ വീട്ടുകാരോടു വ്യക്തമാക്കി.
ഉയര്‍ന്ന ശമ്പളത്തില്‍ സൗദിയിലെ കമ്പനിയില്‍ ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ തസ്തികകളില്‍ ജോലിവാഗ്ദാനം നല്‍കിയാണ് ഇവരെ കൊണ്ടുപോയത്. പാസ്‌പോര്‍ട്ടും വിസയുമെല്ലാം ശരിയാക്കാന്‍ സ്‌പോണ്‍സറും ട്രാവല്‍ ഏജന്‍സിയും മുന്‍കൈയെടുത്തു. ഒന്നരമാസം മുമ്പ് ഹരിപ്പാട് ഏവൂര്‍മുട്ടം സ്വദേശി ബൈജുവിനെയാണ് ആദ്യം കൊണ്ടുപോയത്.
ഡിസംബര്‍ ആദ്യവാരത്തില്‍ വിമല്‍കുമാര്‍, അഭിലാഷ് എന്നിവരെയും സൗദിയിലെത്തിച്ചു. നിര്‍മാണ കമ്പനിയില്‍ മികച്ച ജോലി പ്രതീക്ഷിച്ചെത്തിയ ഇവര്‍ക്ക് ഇഷ്ടികച്ചൂളയിലെ ചുമടെടുപ്പ് ജോലിയാണു ലഭിച്ചത്. പാസ്‌പോര്‍ട്ട് സ്‌പോണ്‍സര്‍ കൈവശപ്പെടുത്തി.
വാഗ്ദാനം ചെയ്ത ജോലി നല്‍കാത്തതിനെ ചോദ്യം ചെയ്തപ്പോള്‍ കൊന്നുകളയുമെന്നായി ഭീഷണി. തുടര്‍ന്ന് അറബിയുടെ കണ്ണുവെട്ടിച്ചു പുറത്തുകടന്ന യുവാക്കള്‍ ദൃശ്യങ്ങള്‍ നാട്ടിലേക്കയച്ചു. ഒളിവില്‍ കഴിയുകയാണെന്നും ഏതു നിമിഷവും അറബിയുടെയോ സ്‌പോണ്‍സര്‍മാരുടെയോ കൈയിലകപ്പെട്ടേക്കാമെന്ന വിവരമാണ് വീട്ടുകാരുമായി ഇവര്‍ പങ്കുവച്ചത്.
ഒരോരുത്തരും 1,75,000 രൂപ വീതം നല്‍കിയാല്‍ നാട്ടിലേക്ക് മടക്കി അയക്കാമെന്നാണ് മലയാളികള്‍കൂടി ഉള്‍പ്പെട്ട വിസ തട്ടിപ്പു സംഘത്തിന്റെ നിലപാട്.
ഒപ്പം ട്രാവല്‍ ഏജന്‍സിക്കെതിരേ, യുവാക്കളുടെ മാതാപിതാക്കള്‍ കായംകുളം പോലിസില്‍ നല്‍കിയ പരാതിയും പിന്‍വലിക്കണം. യമന്‍ അതിര്‍ത്തിയിലെ അബഹയില്‍ കൊടുംപട്ടിണിയില്‍ മരണഭയത്തോടെ കഴിയുകയാണ് ഹരിപ്പാട്ടുകാരായ മൂന്നു യുവാക്കളും.
Next Story

RELATED STORIES

Share it