Flash News

സൗദിയില്‍ ഫൈനല്‍ എക്‌സിറ്റിന് ഇഖാമ രണ്ടു മാസം കാലാവധി ആവശ്യമില്ല

സൗദിയില്‍ ഫൈനല്‍ എക്‌സിറ്റിന് ഇഖാമ രണ്ടു മാസം കാലാവധി ആവശ്യമില്ല
X
ദമ്മാം: സൗദി അറേബ്യയില്‍ ഫൈനല്‍ എക്‌സിറ്റടിക്കാന്‍ ഇഖാമ രണ്ടു മാസം കാലാവധി ഉണ്ടായിരിക്കണമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് പാസ്‌പോര്‍ട്ട് കാര്യാലയം വ്യക്തമാക്കി. തൊഴില്‍ പ്രതിസന്ധിയും ആശ്രിത ലെവി ഉള്‍പ്പെടെയുള്ള നിയമ പരിഷ്‌കരണവും സാമ്പത്തിക പ്രതിസന്ധിയും കാരണം നിരവധി വിദേശികള്‍ മടങ്ങാനിരിക്കെയാണ് പ്രവാസികളെ ആശങ്കയിലാഴ്ത്തുന്ന പ്രചാരണമുണ്ടായത്.



ഇഖാമ ചുരുങ്ങിയത് രണ്ടു മാസം കാലാവധി ഇല്ലാത്തവര്‍ പുതുക്കിയ ശേഷം വേണം എക്‌സിറ്റടിക്കാന്‍ എന്ന വ്യാജ വാര്‍ത്തയ്ക്ക് സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ വന്‍ പ്രചാരണമാണ് ലഭിച്ചത്. നിരവധി മേഖലയില്‍ സ്വദേശിവല്‍ക്കരണവും ഫീസ് വര്‍ധനയും നിലവില്‍ വന്നതിനാല്‍ ഈ വാര്‍ത്തയും വാസ്തവമെന്നാണ് അധിക പേരും ധരിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യം പാസ്‌പോര്‍ട്ട് വിഭാഗം ഔദ്യോഗികമായി നിഷേധിച്ചിരിക്കുകയാണ്. പ്രമുഖ സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകന്‍ അല്‍ ഹസ ഇസ്‌ലാമിക് സെന്റര്‍ മലയാള വിഭാഗം മേധാവി എം നാസര്‍ മദനി നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് ബന്ധപ്പെട്ടവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇഖാമയില്‍ കാലാവധി തീരുന്നതിന്റെ അവസാന ദിവസം വരെ എക്‌സിറ്റ് അടിക്കാന്‍ കഴിയും. ശേഷം രാജ്യം വിടാന്‍ രണ്ടു മാസത്തെ സാവകാശവും ലഭിക്കും. എന്നാല്‍ എക്‌സിറ്റടിക്കുമ്പോള്‍ ഇഖാമയില്‍ കാലാവധി ഇല്ലാതിരിക്കുകയും തുടര്‍ന്ന് അനുവദിച്ച രണ്ടു മാസം രാജ്യത്ത് തങ്ങുകയുമാണെങ്കില്‍ പ്രസ്തുത കാലയളവിലെ ലെവി കൂടി അടക്കേണ്ടി വരുമെന്ന് ജവാസാത്ത് വക്താവ് അറിയിച്ചു.
Next Story

RELATED STORIES

Share it