Flash News

സൗദിയില്‍ നിന്നും നാടുകടത്തപ്പെട്ട 120 പേരെ സ്വീകരിക്കാന്‍ പാകിസ്താന്‍ സമ്മതിച്ചു

ലാഹോര്‍ : സൗദിയില്‍ നിന്നും നാടുകടത്തിയ 120 പാകിസ്താന്‍ പൗരന്‍മാരെ രാജ്യത്ത് പ്രവേശിക്കാന്‍ പാകിസ്താന്‍ അനുവദിച്ചു. മതിയായ രേഖകളില്ലെന്നാരോപിച്ച് ഇവരുടെ പ്രവേശനം നിഷേധിച്ചെങ്കിലും ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിനെത്തുടര്‍ന്ന് അധികൃതര്‍ നിലപാട് മാറ്റുകയായിരുന്നുവെന്ന് ഡോണ്‍ പത്രം റിപോര്‍ട്ട് ചെയ്തു.
നാടുകടത്തപ്പെട്ട 120 പാകിസ്താന്‍കാര്‍ ഇന്നു രാവിലെ ജിദ്ദയില്‍ നിന്നും വിമാനമാര്‍ഗമാണ് ലാഹോറിലെത്തിയത്. ഇവരെ എന്തു കാരണത്താലാണ് നാടുകടത്തിയതെന്ന് വ്യക്തമായിട്ടില്ല. സംഘത്തില്‍ 15 വനിതകളുമുണ്ടായിരുന്നു. മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ ഇവരെ തിരികെ ജിദ്ദയിലേക്കു തന്നെ മടക്കിയയക്കാനായിരുന്നു ഇമിഗ്രേഷന്‍ അധികൃതരുടെ ആദ്യ തീരുമാനം.
ഫെഡറല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സി ഇവരെ അറസ്റ്റ് ചെയ്യണമെന്ന നിലപാടിലായിരുന്നു. എന്നാല്‍ ആഭ്യന്തര മന്ത്രാലയം ഇവരെ രാജ്യത്ത്് പ്രവേശിപ്പിക്കാന്‍ അനുവദിച്ചു.
ആഴ്ചകള്‍ക്കുമുമ്പ് ബ്രിട്ടനില്‍ നിന്ന്് നാടുകടത്തിയ ആറ് പേരെ സ്വീകരിക്കാന്‍ പാകിസ്താന്‍ വിസമ്മതിച്ചിരുന്നു. ഇതിന് ഒരാഴ്ചമുന്‍പ് ഗ്രീസില്‍ നിന്നും നാടുകടത്തപ്പെട്ട 49 പേരില്‍ 30 പേരെ മതിയായ രേഖകളില്ലാത്തതിനാല്‍ പാകിസ്താന്‍ തിരികെ അയച്ചിരുന്നു. വ്യക്തമായ രേഖകളില്ലാതെ നാടുകടത്തപ്പെട്ട ആരെയും രാജ്യത്ത്് പ്രവേശിപ്പിക്കില്ലെന്ന് തദവസരത്തില്‍ പാക് ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it