Alappuzha local

സൗദിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒരാള്‍ പിടിയില്‍

ഹരിപ്പാട്: സൗദിയില്‍ ജോലി വാഗ്ദാനം നല്‍കി കൊണ്ടുപോയ മലയാളികളായ മൂന്ന് യുവാക്കള്‍ക്ക് അറബിയുടെ ക്രൂരമര്‍ദ്ദനവും, അടിമപ്പണിയും സഹിക്കേണ്ടി വന്ന സംഭവത്തില്‍ യുവാക്കളെ ഗള്‍ഫിലേക്കയച്ച ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു. ചിങ്ങോലി ഷഫ്‌ന മനസിലില്‍ ഷംനാദ് ബഷീറിനെയാണ് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു പിടികൂടിയത്.
കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. ഹരിപ്പാട് സ്വദേശികളായ കാര്‍ത്തികപ്പള്ളി ബൈജു ഭവനത്തില്‍ ബൈജു (36), മുട്ടംമാല മേല്‍ക്കോട് അന്‍ജു ഭവനത്തില്‍ അഭിലാഷ് (21), മുട്ടം കണിപ്പനല്ലൂര്‍ പുത്തന്‍വീട്ടില്‍ ബിമല്‍ കുമാര്‍ (30) എന്നിവരാണ് സൗദിയില്‍ ആഹാരവും വെള്ളവും കിട്ടാതെ അറബിയുടെ അടിമപ്പണി ചെയ്ത് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്.
പമ്പ് ഓപറേറ്റര്‍ തസ്തികയിലേക്ക് ജോലി നല്‍കാമെന്ന് പറഞ്ഞ് നവംബര്‍ ഏഴിനാണ് ബൈജുവിനെ സൗദിയിലേക്കു കൊണ്ടുപോയത്. എന്നാല്‍ ഒമ്പതിന് ബൈജു വീട്ടിലേക്കു ഫോണ്‍ ചെയ്ത് ചതിയില്‍ അകപ്പെടുകയായിരുന്നെന്നും, ഉടന്‍ ഇവിടെ നിന്ന് രക്ഷപ്പെടുത്താനുളള മാര്‍ഗം ചെയ്യണമെന്ന് ബന്ധുക്കളോട് ആവശ്യപ്പെട്ടു.
മര്‍ദ്ദനം സഹിച്ച് പിടിച്ചുനിന്ന ബൈജുവിനെ സില്‍വര്‍ ഡോട്ട് എന്ന കമ്പിനിയുടെ ഉടമയെന്ന് പറയപ്പെടുന്ന അറബി കരിങ്കല്ലുകള്‍ ചുമപ്പിച്ച ശേഷം വടികൊണ്ട് മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ മലയാളികള്‍ പകര്‍ത്തി നാട്ടിലെത്തിക്കുകയായിരുന്നു. ഡീസല്‍ മെക്കാനിക്കായ ബിമല്‍ കുമാറിനും അഭിലാഷിനും വര്‍ക്ക്‌ഷോപ്പിലെ ജോലിയും ഉയര്‍ന്ന ശമ്പളവുമാണ് വാഗ്ദാനം ചെയ്തത്.
എന്നാല്‍ സൗദിയില്‍ എത്തിയ ഇവരെക്കൊണ്ട് ഇഷ്ടിക നിര്‍മാണ ജോലിയും, ചെടികള്‍ക്ക് വെള്ളം നനപ്പിക്കുകയുമാണ് ചെയ്യിച്ചിരുന്നത്. തുടര്‍ന്ന് അധികൃതരുടെ സജീവമായ ഇടപെടലിനെ തുടര്‍ന്ന് യുവാക്കളെ നാട്ടിലെത്തിച്ചു. പോലിസ് പ്രതികള്‍ക്ക് വേണ്ടി രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ 2ന് ഗള്‍ഫില്‍ നിന്ന് ചെന്നൈയില്‍ എത്തിയ ഷംനാദിനെ വിമാനത്താവള അധികൃതര്‍ തടഞ്ഞ് കരീലക്കുളങ്ങര പോലിസില്‍ വിവരമറിയിച്ചു. എസ്‌ഐ എം സുധിലാല്‍, എഎസ്‌ഐ സിയാദ് എന്നിവരുടെ നേതൃത്വത്തില്‍ വിമാനത്താവളത്തിലെത്തി അറസ്റ്റ് ചെയ്ത ഇയാളെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it