സൗദിയില്‍ ഈ വര്‍ഷം 151 പേരെ വധശിക്ഷയ്ക്ക് വിധേയമാക്കിയതായി ആംനസ്റ്റി

ലണ്ടന്‍: സൗദി അറേബ്യയില്‍ ഈവര്‍ഷം ഇതുവരെ 151 പേരെ വധശിക്ഷയ്ക്കു വിധേയമാക്കിയതായി മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്‍ര്‍നാഷനല്‍. 1995നു ശേഷം ആദ്യമായാണ് ഇത്രയും പേരെ രാജ്യത്ത് വധശിക്ഷയ്ക്കു വിധേയമാക്കിയത്.
രണ്ടുദിവസത്തില്‍ ഒരാളെ വീതം വധശിക്ഷയ്ക്കു വിധേയമാക്കിയതായി തിങ്കളാഴ്ച പുറത്തുവിട്ട റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നു. സൗദി ഭരണകൂടം വധശിക്ഷയിലെ റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുകയാണെന്നു മധ്യേഷ്യയിലെയും വടക്കന്‍ ആഫ്രിക്കയിലെയും ചുമതല വഹിക്കുന്ന ഡപ്യൂട്ടി ഡയറക്ടര്‍ ജെയിംസ് ലിന്‍ച് കുറ്റപ്പെടുത്തി. സൗദി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കിയത് 1995ലാണ്. 192 പേരെയായിരുന്നു അന്ന് ശിരച്ഛേദം നടത്തിയത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ശരാശരി 79-90 പേരെയാണ് സൗദി ഭരണകൂടം ശിക്ഷിച്ചതെങ്കില്‍ ഈ വര്‍ഷം അത് കുത്തനെ ഉയരുകയായിരുന്നു. രാജ്യത്തെ കൂടുതല്‍ വധശിക്ഷകളും മയക്കുമരുന്നുകടത്തുമായി ബന്ധപ്പെട്ട കേസുകളിലാണെന്ന് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടന വ്യക്തമാക്കി.
ശിക്ഷിക്കപ്പെട്ടവരില്‍ കൂടുതലും വിദേശരാജ്യങ്ങളില്‍നിന്നുള്ളവരാണ്. മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ശിക്ഷിച്ച 63 പേരില്‍ 45 പേരും വിദേശികളാണ്. ഈ വര്‍ഷം വധശിക്ഷയ്ക്ക് ആകെ വിധേയരാക്കിയവരില്‍ 71 പേര്‍ ദരിദ്രരാജ്യങ്ങളില്‍നിന്നുള്ള തൊഴിലാളികളാണെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.
കോടതി നടപടികള്‍ സംബന്ധിച്ച അറിവില്ലാത്തതും അറബി ഭാഷ അറിയാത്തതും പലപ്പോഴും നീതി ലഭിക്കുന്നതിനു തടസ്സം സൃഷ്ടിക്കുന്നുണ്ട്. കടുത്ത പീഡനങ്ങളിലൂടെ കുറ്റസമ്മതം നടത്തിച്ചും വധശിക്ഷയ്ക്കു വിധേയമാക്കുന്നതായി റിപോര്‍ട്ടിലുണ്ട്.
എന്നാല്‍, റിപോര്‍ട്ട് പക്ഷപാതപരമാണെന്നുറിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗദി രാഷ്ട്രീയ നിരീക്ഷകന്‍ ഖാലിദ് അല്‍ ദാഖില്‍ കുറ്റപ്പെടുത്തി. ഇതിനേക്കാള്‍ കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്ന ഇറാനെക്കുറിച്ച് റിപോര്‍ട്ടില്‍ പരാമര്‍ശമില്ലെന്നും ഖാലിദ് ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it