Kottayam Local

സൗദിയിലെ സ്വാതന്ത്രത്തിന്റെ ലൈസന്‍സുമായി എരുമേലിയിലേക്ക് ടെല്‍മ

എരുമേലി: സൗദി അറേബ്യയില്‍ വനിതകള്‍ക്കു ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കാന്‍ ഭരണകൂടം തീരുമാനമെടുത്തപ്പോള്‍ ബ്രിട്ടണിലെ മലയാളി നഴ്‌സിങ് അഡ്മിനിസ്‌ട്രേറ്റര്‍ ടെല്‍മയുടെ മുഖത്ത് നിറഞ്ഞ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. എരുമേലിക്കാരിയായ ടെല്‍മ ജോസ് സൗദിയില്‍ നിന്ന് ഇന്നലെ നാട്ടിലേക്കു തിരിച്ചതും ആ സന്തോഷം പങ്കിടാനാണ്. ടെല്‍മയുടെ കൈയില്‍ ഒതുക്കിവച്ചിരിക്കുന്ന അറബിയിലുള്ള ഡ്രൈവിങ് ലൈസന്‍സ് കാര്‍ഡ് ഇന്നു കൊരട്ടി ഉറുമ്പില്‍ വീട്ടില്‍ സന്തോഷത്തിന്റെ പൂത്തിരി പടര്‍ത്തും. കൊരട്ടി ഉറുമ്പില്‍ ജോണിക്കുട്ടിയുടെ ഭാര്യയായ ടെല്‍മ ജോസ് സൗദിയിലെ കിങ്‌സ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്ററിലാണ് നഴ്‌സിങ് അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്യുന്നത്.16 വര്‍ഷം മുമ്പ് ബ്രിട്ടണില്‍ നോര്‍ഫോക്ക് ആന്റ് നോര്‍വിച്ച് സര്‍വകലാശാലയുടെ ആശുപത്രിയില്‍ ബാന്റ്് ഏഴ് നഴ്‌സായി ജോലി ലഭിച്ചതിനെ തുടര്‍ന്ന് ബ്രിട്ടീഷ് പൗരത്വം നേരത്തെ തന്നെ ലഭിച്ചിരുന്നു. മൂന്നു വര്‍ഷം മുമ്പാണ് ജോലിയുടെ ഭാഗമായി സൗദിയിലെ കിങ്‌സ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലേക്കെത്തിയത്. ബ്രിട്ടണില്‍ പൗരത്വവും ഡ്രൈവിങ് ലൈസന്‍സുമൊക്കെയുണ്ടെങ്കിലും സൗദിയില്‍ വനിതകള്‍ക്കു വാഹനമോടിക്കാന്‍ അനുമതിയില്ലാത്തതു ടെല്‍മയുടെ ജോലിക്ക് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. മകള്‍ ബ്രിട്ടണിലും മകന്‍ സൗദിയിലും പഠനം നടത്തുന്നതും ജോലിയുടെ ഭാഗമായി ഇരു രാജ്യങ്ങളിലേക്കും യാത്ര ചെയ്യേണ്ടി വരുന്നതിനുമിടെ സൗദിയിലെ ഡ്രൈവിങ് വിലക്ക് ശരിക്കും വലച്ചിരുന്നെന്നു ടെല്‍മ പറഞ്ഞു. സൗദിയില്‍ വനിതകള്‍ക്കു ഡ്രൈവിങ് ലൈസന്‍സ് നല്‍കാന്‍ ഭരണകൂടം തീരുമാനിച്ചപ്പോള്‍ അതുകൊണ്ട് തന്നെ ഏറ്റവുമധികം സന്തോഷിച്ചത് ഒരു പക്ഷേ താന്‍ ആയിരിക്കാമെന്നും ടെല്‍മ പറയുന്നു. ബ്രിട്ടണില്‍ യഥേഷ്ടം സ്വന്തമായി ഡ്രൈവ് ചെയ്യുമ്പോള്‍ ടാക്‌സികളെയും കമ്പനി വക വാഹനങ്ങളെയും ആശ്രയിച്ചായിരുന്നു സൗദിയില്‍ ടെല്‍മയുടെ യാത്രകള്‍. കഴിഞ്ഞ 24നാണ് വനിതകള്‍ക്ക് വാഹനമോടിക്കാന്‍ സൗദിയില്‍ കിങ്‌സ് ക്രൗണ്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉത്തരവിട്ടത്. കൊരട്ടി ഉറുമ്പില്‍ പാപ്പച്ചന്‍ഏലിക്കുട്ടി ദമ്പതികളുടെ മകനും ടെല്‍മയുടെ ഭര്‍ത്താവുമായ  ജോണിക്കുട്ടിയും പ്രവാസി മലയാളിയാണ്. ഇംഗ്ലണ്ടില്‍ ഏറെ അറിയപ്പെട്ട സ്‌പൈസ് പാരഡൈസ് ബാര്‍ റസ്‌റ്റോറന്റ് ഉടമയായിരുന്ന ജോണിക്കുട്ടി ഇപ്പോള്‍ രണ്ടു മാസമായി എരുമേലിയില്‍ മരിയന്‍ ബസ് സര്‍വീസ് ലിമിറ്റഡ് എന്ന കമ്പനി നടത്തുകയാണ്. ബ്രൈറ്റണ്‍ യൂനിവേഴ്‌സിറ്റിയില്‍ എംഫാം വിദ്യാര്‍ഥിനിയായ മകള്‍ ഡാനയും അവധിയായതിനാല്‍ എരുമേലിയിലെ കുടുംബ വീട്ടിലുണ്ട്. സൗദിയിലെ റിയാദില്‍ ബ്രിട്ടീഷ് സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ മകന്‍ ഡയസിനൊപ്പമാണ് സന്തുഷ്ടമായ സ്വാതന്ത്രത്തിന്റെ െ്രെഡവിങ് ലൈസന്‍സുമായി ടെല്‍മ ഇന്നു നാട്ടിലേക്ക് എത്തുന്നത്. കണ്ണിമല പുത്തന്‍പുരയ്ക്കല്‍ ജോസഫ് മറിയാമ്മ ദമ്പതികളുടെ മകളാണ് ടെല്‍മ. ആഗസ്ത് 16ന് ഭര്‍ത്താവും മക്കളുമായി തിരികെ വിദേശത്തേക്കു മടങ്ങുന്നതു വരെ നാട്ടിലും വാഹനമോടിച്ച് സന്തോഷം പങ്കിടാന്‍ തയ്യാറെടുത്തിരിക്കുകയാണ് ഡ്രൈവിങും യാത്രകളും ഏറെ ഇഷ്ടപ്പെടുന്ന ടെല്‍മ.
Next Story

RELATED STORIES

Share it