Pravasi

സൗദിയിലെ വിദേശ തൊഴിലാളികള്‍ക്ക് ലെവി ഉയര്‍ത്താന്‍ നീക്കം

ജിദ്ദ: സൗദിയിലെ വിദേശ തൊഴിലാളികള്‍ക്ക് നിലവില്‍ ഈടാക്കുന്ന ലെവി സംഖ്യ മാസത്തില്‍ 200 റിയാലിനു പകരം 1000 റിയാലായി ഉയര്‍ത്തണമെന്ന് സൗദി തൊഴില്‍ മന്ത്രാലയം ആവശ്യപ്പെട്ടതായി റിപോര്‍ട്ട്. സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്ന പദ്ധതിയുടെ ഭാഗമായി പഠനം നടത്തുന്ന സൗദി ശൂറ കൗണ്‍സില്‍ സമിതിക്ക് നല്‍കിയ രേഖയിലാണ് തൊഴില്‍മന്ത്രാലയം ഈ അഭിപ്രായം രേഖപ്പെടുത്തിയതെന്ന് പ്രാദേശിക ഓണ്‍ലൈന്‍ പത്രം റിപോര്‍ട്ട് ചെയ്തു. സൗദി യുവാക്കളിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ സമിതി മന്ത്രാലയത്തോട് ആരാഞ്ഞിരുന്നു.
പ്രതിമാസം 1000 റിയാല്‍ എന്ന തോതില്‍ വര്‍ഷത്തില്‍ 12,000 റിയാല്‍ ലെവി ഈടാക്കുന്നതിലൂടെ വിദേശതൊഴിലാളികളെ ജോലിക്കെടുക്കുന്നത് നിരുല്‍സാഹപ്പെടുത്താനാവും. ഗാര്‍ഹിക തൊഴിലാളികള്‍ക്കു കൂടി ലെവി ഏര്‍പ്പെടുത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടതായി റിപോര്‍ട്ടില്‍ പറയുന്നു. നാലു ഗാര്‍ഹിക തൊഴിലാളികളില്‍ കൂടുതല്‍ പേരെ ജോലിക്കുവയ്ക്കുന്ന സ്വദേശികളില്‍ നിന്ന് ഓരോ തൊഴിലാളികളുടെയും പേരില്‍ 500 റിയാല്‍ വീതം ലെവി ഈടാക്കാമെന്നാണ് നിര്‍ദേശം. വിദേശ തൊഴിലാളികള്‍ക്കു പുറമേ അവരുടെ ആശ്രിതരുടെ പേരിലും ലെവി ഈടാക്കാന്‍ നിര്‍ദേശമുണ്ട്.
വിദേശ ജോലിക്കാരെ നിലനിര്‍ത്തുന്നതിനുള്ള ചെലവ് വര്‍ധിപ്പിക്കുന്നത് സ്വദേശിവല്‍ക്കരണ പ്രക്രിയ ലക്ഷ്യംകാണുന്നതിനു സഹായകമാണെന്നാണ് മന്ത്രാലയത്തിന്റെ അഭിപ്രായം. അധികമായി ഏര്‍പ്പെടുത്തുന്ന ലെവി തുക സ്വദേശികള്‍ക്ക് തൊഴില്‍ പരിശീലനത്തിന് സൗദി മാനവവിഭവശേഷി വികസന ഫണ്ടായി ഉപയോഗിക്കാം.
വിദേശികളുടെ മേല്‍ നേരത്തേ ഏര്‍പ്പെടുത്തിയ അധിക ബാധ്യതയായ 2400 റിയാല്‍ ലെവി ഒഴിവാക്കണമെന്ന് സൗദിയിലെ വാണിജ്യ സമൂഹം ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ട്. അവരുടെ കൂടുതല്‍ കടുത്ത എതിര്‍പ്പിന് ഇടയാക്കുന്ന ഇത്തരം ആവശ്യം ഉന്നയിച്ചതായി മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
മൊബൈല്‍ ഫോണ്‍ കടകളില്‍ ജോലി സ്വദേശികള്‍ക്കു മാത്രം
ജിദ്ദ: മൊബൈല്‍ ഫോണ്‍ വില്‍പ്പന സ്ഥാപനങ്ങളിലെ എല്ലാ ജോലികളും സ്വദേശികള്‍ക്കു മാത്രമായി നിജപ്പെടുത്തിയതാണെന്നും ഒരു ജോലികളിലും വിദേശികളെ നിയമിക്കാന്‍ അനുവാദമുണ്ടാവില്ലെന്നും സൗദി തൊഴില്‍ മന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കി. ഈ മേഖലയില്‍ പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പാക്കും.
മൊബൈല്‍ ഫോണ്‍ സ്ഥാപനങ്ങളിലെ അക്കൗണ്ടിങ് അടക്കം ഒരു ജോലിയും സ്വദേശിവല്‍ക്കരണത്തില്‍ നിന്ന് ഒഴിവാക്കില്ലെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് പറഞ്ഞു. വിവിധ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന വന്‍കിട സ്ഥാപനങ്ങള്‍ മൊബൈല്‍ ഫോണ്‍ വില്‍പ്പനയ്ക്ക് വച്ച ഭാഗം സ്ഥാപനത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് വേര്‍തിരിക്കണം. ഇവിടെ സ്വദേശികളെ മാത്രമാണ് നിയമിക്കേണ്ടത്.
Next Story

RELATED STORIES

Share it