Alappuzha local

സൗജന്യ വിതരണത്തിനായി എത്തിച്ച അരിയില്‍ പുഴുക്കളെ കണ്ടെത്തി

പൂച്ചാക്കല്‍: റേഷന്‍ കടകളിലേക്ക് സൗജന്യ വിതരണത്തിനായി കൊണ്ടുവന്ന അരിയില്‍ പുഴുക്കളെ കണ്ടെത്തി.
സംഭവത്തില്‍ പ്രതിഷേധിച്ച് പൂച്ചാക്കലിലെ റേഷന്‍ മൊത്ത വിതരണ കേന്ദ്രം നാട്ടുകാര്‍ ഉപരോധിച്ചു. പ്രദേശത്തെ ഇരുപത്തിയൊന്ന് റേഷന്‍ കടകളില്‍ വിതരണത്തിനായി കൊണ്ടുവന്ന അരിയിലാണ് പുഴുക്കളെ കണ്ടെത്തിയത്.
ഇന്നലെ റേഷന്‍ കടയില്‍ നിന്ന് വാങ്ങിയ അരിയില്‍ പുഴുക്കളെ കണ്ടതോടെ പ്രദേശവാസികള്‍ മൊത്ത വിതരണകേന്ദ്രത്തില്‍ പ്രതിഷേധവുമായി എത്തി പരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ 200 ടണ്‍ പച്ചരിയില്‍ പുഴുക്കളെ കണ്ടെത്തി.
ഈ സമയം മൊത്ത വിതരണ കേന്ദ്രത്തില്‍ നിന്ന് മറ്റ് റേഷന്‍ കടകളിലേക്ക് കൊണ്ടുപോവാനായി വാഹനത്തില്‍ അരി കയറ്റുന്നത് പ്രതിഷേധക്കാര്‍ തടഞ്ഞു. ജില്ലാ എഫ്‌സിഐ ഗോഡൗണില്‍ നിന്ന് കൊണ്ടുവന്ന 400 ടണ്‍ പച്ചരിയില്‍ 200 ടണ്‍ അരിയിലാണ് പുഴുക്കളെ കണ്ടെത്തിയത്.
പുഴുക്കള്‍ ഉള്ളതായി അധികൃതരുടെ ശ്രദ്ദയില്‍പ്പെടുത്തിയിരുന്നെന്ന് മൊത്തവിതരണ കേന്ദ്രത്തിലെ ജീവനക്കാര്‍ പറഞ്ഞു. സംഭവമറിഞ്ഞ് ചേര്‍ത്തല താലൂക്ക് സപ്ലൈ ഓഫിസര്‍ ജോസഫ് സ്ഥലത്തെത്തി. തുടര്‍ന്ന് സപ്ലൈ ഓഫിസറെ നാട്ടുകാര്‍ ഉപരോധിച്ചു.
റേഷന്‍ ഇന്‍സ്‌പെക്ടര്‍മാരായ ഷാജി, സേതുലക്ഷ്മി എന്നിവര്‍ സ്ഥലത്തെത്തി അരിയുടെ സാമ്പിള്‍ ശേഖരിച്ചു. നിലവില്‍ ഗോഡൗണില്‍ പുഴുക്കളുള്ള അരി എഫ്‌സിഐക്ക് തിരികെ അയക്കുമെന്ന ഉറപ്പിലാണ് നാട്ടുകാര്‍ ഉപരോധം അവസാനിപ്പിച്ചത്. പൂച്ചാക്കല്‍ എസ്‌ഐ വി പ്രദീപ്കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം പി എം പ്രമോദ്, പ്രദീപ്കുടക്കല്‍, എച്ച് മുഹമ്മദ് ഷാ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
Next Story

RELATED STORIES

Share it