palakkad local

സൗജന്യ ചികില്‍സ ജില്ലാ ആശുപത്രിക്ക് കീഴിലെ ഉഷസ് കേന്ദ്രം വഴി ജില്ലയില്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണം കുറയുന്നു

പാലക്കാട്: സംസ്ഥാനത്ത് എച്ച്‌ഐവി ബാധിതര്‍ ഏറ്റവും കൂടുതലുള്ള ജില്ലയായ പാലക്കാട് ബോധവല്‍കരണം ഗുണകരമാവുന്നുവെന്ന് വ്യക്തമാവുന്നു. സമീപകാല സ്ഥിതിവിവര കണക്ക് പരിശോധിക്കുമ്പോള്‍ പുതുതായി എച്ച്‌ഐവി ബാധിച്ച് ചികില്‍സയ്‌ക്കെത്തുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായതായി ജില്ലാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംസ്ഥാനതലത്തിലും എച്ച്‌ഐവി ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടാവുന്നുണ്ട്. 2002-2017 സ്ഥിതി വിവര കണക്ക് പ്രകാരം  2,34,953പേരാണ് എച്ച്‌ഐവി പരിശോധനയ്‌ക്കെത്തിയത്. ഇതില്‍ 2315പേര്‍ക്കാണ് അണുബാധ കണ്ടെത്തിയത്. 1215 പുരുഷന്‍മാരും 974 സ്ത്രീകളുമാണ്. 64ആണ്‍കുട്ടിക്കും 62പെണ്‍കുട്ടിക്കും എച്ച്‌ഐവി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വര്‍ഷം ഒക്ടോബര്‍വരെ സംസ്ഥാന തലത്തില്‍ 6,34,904 പേരാണ് പരിശോധനയ്‌ക്കെത്തിയത്. ഇതില്‍ 1071 പേര്‍ക്ക് മാത്രമേ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളൂ. എച്ച്‌ഐവി ബാധിതരുടെ എണ്ണത്തില്‍ തിരുവനന്തപുരം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളാണ് മുന്നില്‍ നില്‍ക്കുന്നത്. ജില്ലാ ആശുപത്രിയിലുള്ള ആന്റി റെട്രൊവൈറല്‍ തെറാപ്പി സെന്റര്‍ (എആര്‍ടി) വഴി നിലവില്‍ മരുന്ന് കഴിക്കുന്നവര്‍ 1329പേരാണ്. നേരത്തെ ടെസ്റ്റ് നടത്തി എച്ച്‌ഐവി സ്ഥിരീകരിച്ചാലും അണുബാധിതരുടെ സിഡി4 കോശങ്ങളുടെ എണ്ണം 500ല്‍ കുറയുമ്പോള്‍ മാത്രമേ എആര്‍ടി ചികില്‍സ തുടങ്ങാറുണ്ടായിരുന്നുള്ളൂ. എന്നാല്‍, ഇപ്പോള്‍ ടെസ്റ്റ് നടത്തി അണുബാധ കണ്ടെത്തിയാലുടന്‍ ചികില്‍സയും ആരംഭിക്കുന്നുണ്ട്. ജില്ലാ ആശുപത്രിക്ക് കീഴിലെ ഉഷസ് കേന്ദ്രം വഴി സൗജന്യമായാണ് ചികില്‍സ നല്‍കുന്നത്. കൂടാതെ ക്ഷയംബാധിച്ച് ചികില്‍സയ്‌ക്കെത്തുന്നവരില്‍ എച്ച്‌ഐവി പരിശോനയും, എച്ച്‌ഐവി സ്ഥിരീകരിക്കുന്നവരില്‍ ക്ഷയപരിശോധനും നടത്തുന്നുണ്ട്. എച്ച്‌ഐവി ബാധിതരില്‍ എളുപ്പത്തില്‍ പിടിപ്പെടാവുന്ന രോഗമാണ് ടിബി. ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്നു രാവിലെ 10ന് കൊഴിഞ്ഞാമ്പാറ ഗ്രാമപ്പഞ്ചായത്ത് ഹാളില്‍ കെ കൃഷ്ണന്‍കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ ബിനുമോള്‍ അധ്യക്ഷത വഹിക്കും. ലയണ്‍സ് ക്ലബുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
Next Story

RELATED STORIES

Share it