palakkad local

സൗജന്യമായി ലഭിച്ച ഓട്ടോയുടെ വായ്പ തിരിച്ചടക്കണമെന്ന് ബാങ്ക് ; ദലിത് കുടുംബങ്ങള്‍ പ്രതിസന്ധിയില്‍



മലമ്പുഴ:മലമ്പുഴ പഞ്ചായത്തില്‍ നിന്നും സൗജന്യമായി നല്‍കിയ ഓട്ടോറിക്ഷകളുടെ വായ്പ തിരിച്ചടക്കണമെന്നു കാണിച്ച് ദലിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ബാങ്കിന്റെ നോട്ടീസ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്താണ് സ്ഥലം എംഎല്‍എയും ഭരണപരിഷ്‌കാര ചെയര്‍മാനുമായ വി എസ് അച്യുതാനന്ദന്‍ മലമ്പുഴ പഞ്ചായത്തിലെ ദലിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി സൗജന്യ ഓട്ടോ വിതരണം നടത്തിയത്. ആനക്കല്ലിലെ ദലിത് വിഭാഗത്തില്‍പ്പെട്ട 15പേര്‍ക്കാണ് മലമ്പുഴ പഞ്ചായത്ത് സൗജന്യമെന്നു പറഞ്ഞ് ഓട്ടോകള്‍ വിതരണം ചെയ്തത്. ഓട്ടോ സൗജന്യമായി ലഭിച്ചപ്പോള്‍ ജീവിതം കരകയറുമെന്ന പ്രതീക്ഷയിലായിരുന്നു. ഓട്ടോയുടെ താക്കോല്‍ ജനനായകനില്‍ ഏറ്റുവാങ്ങിയ സന്തോഷം ലോണ്‍ തിരിച്ചടക്കണമെന്നു കാണിച്ച് ബാങ്ക് അധികൃതര്‍ അയച്ച നോട്ടീസോടെ മങ്ങിയിരിക്കുകയാണ്. ആനക്കല്ലിലെ ദലിത് കോളനിയിലെ മണിയുള്‍പ്പടെയുള്ളവരാണ് ബാങ്ക് നോട്ടീസിന് മുന്നില്‍ പകച്ചു നില്‍ക്കുന്നത്. എന്നാല്‍ അന്ന് ഇവര്‍ക്കു നല്‍കിയ വാഹനത്തിനു ലോണ്‍ എടുത്തിട്ടുണ്ടെന്നോ അത് തിരിച്ചടക്കേണ്ടിവരുമെന്നോ എന്നൊന്നും ഇവരെ ബോധ്യപ്പെടുത്തിയിരുന്നില്ല. തിരഞ്ഞെടുപ്പ് കാലത്ത് വോട്ടുകള്‍ പെട്ടിയിലാക്കാന്‍ വേണ്ടി നടത്തിയ നാടകമായിരുന്നുവെന്നാണ് ഇപ്പോള്‍ ആരോപണമുയരുന്നത്. ഇനി ബാങ്കിലടക്കേണ്ട തുകയും അതിന്റെ പലിശയുമെല്ലാം ഒരു ദിവസം മുഴുവന്‍ സമയം ഓടിക്കിട്ടുന്ന തുക കൊണ്ട് അടച്ചാലും വീട്ടാന്‍ പറ്റാത്ത സ്ഥിതിയായിരിക്കുകയാണ്.
Next Story

RELATED STORIES

Share it