World

സ്‌െപയിന്‍: റജോയി പുറത്ത്; പെട്രോ സാന്‍ഷസ് പ്രധാനമന്ത്രി

മാഡ്രിഡ്: സ്‌െപയിന്‍ പ്രധാനമന്ത്രി മരിയാനോ റജോയിയിയെ പാര്‍ലമെന്റ് അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി. പ്രതിപക്ഷ നേതാവ് പെട്രോ സാന്‍ഷസ്  ആയിരിക്കും പുതിയ പ്രധാനമന്ത്രി. ഇന്നു രാവിലെയായിരിക്കും 46കാരനായ സാന്‍ചേവിന്റെ സത്യപ്രതിജ്ഞ. ഫിലിപ് ആറാമന്‍ രാജാവിനെ മുമ്പാകെയാണു സത്യപ്രതിജ്ഞ ചെയ്യുക. സ്‌പെയിന്‍കാരുടെ അടിയന്തര പ്രശ്‌നങ്ങളെ ഉടന്‍ പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിമത കാറ്റലോണിയന്‍ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 180 പേര്‍ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി.
350 അംഗ പാര്‍ലമെന്റില്‍ 176 വോട്ടുകളാണ് അവിശ്വാസ പ്രമേയത്തിനു ലഭിക്കേണ്ടിയിരുന്നത്. 169 എംപിമാര്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തി.
1977നു ശേഷം ആദ്യമായാണ് സ്‌പെയിനില്‍ പ്രധാനമന്ത്രിയെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കുന്നത്്. ഫലം പുറത്തുവരുന്നതിനു മുമ്പു തന്നെ റജോയ് പരാജയം അംഗീകരിക്കുകയും പ്രതിപക്ഷ നേതാവിനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. സ്‌പെയിനിന്റെ പ്രധാനമന്ത്രി ആയിരിക്കാനുള്ള ബഹുമതിയാണിതെന്ന് അദ്ദേഹം പറഞ്ഞു.
താന്‍ സര്‍ക്കാരിനെ നിയന്ത്രിച്ചപ്പോഴുള്ളതിനേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ സ്‌പെയിനിനെ നിയന്ത്രിക്കാനുള്ള ബഹുമതിയാണിതെന്നും പ്രതിപക്ഷ നേതാവിനെ അഭിനന്ദിച്ച് അദ്ദേഹം പറഞ്ഞു. അഴിമതി ആരോപണത്തില്‍ മുങ്ങിയ പോപുലര്‍ പാര്‍ട്ടി (പിപി) സര്‍ക്കാരിനെതിരേ കഴിഞ്ഞ ആഴ്ചയാണ് സോഷ്യലിറ്റുകള്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ കാറ്റലന്‍ വിമതരും ബസഖ് നാഷനലിസ്റ്റുകളും ഇതിനെ പിന്താങ്ങുകയായിരുന്നു. അവിശ്വാസ പ്രമേയം പാസായതിനു പിന്നാലെ സ്‌പെയിന്‍ ഓഹരി വിപണി 1.8 ശതമാനം ഉയര്‍ന്നു.
2011 ഡിസംബറിലാണു മറിയാനോ റജോയ് പ്രധാനമന്ത്രിയായി അധികാരമേറ്റത്. റജോയിയുടെ ഭരണത്തില്‍ രാജ്യം സാമ്പത്തിക പുരോഗതി കൈവരിച്ചിരുന്നു. എന്നാല്‍ റജോയി സര്‍ക്കാര്‍ വിവിധ പദ്ധതികളില്‍ കരാര്‍ നല്‍കിയതില്‍ വന്‍ തോതില്‍ കൈക്കൂലി വാങ്ങിയതായി കഴിഞ്ഞയാഴ്ച കോടതി കണ്ടെത്തിയതു  സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുകയായിരുന്നു.
Next Story

RELATED STORIES

Share it