kozhikode local

സ്‌റ്റൈപ്പന്റ് ലഭിക്കുന്നില്ല; പിജി, ഹൗസ് സര്‍ജന്‍മാര്‍ 19 മുതല്‍ അനിശ്ചിതകാല സമരത്തിന്

കോഴിക്കോട്: പിജി വിദ്യാര്‍ഥികളുടെയും ഹൗസ് സര്‍ജന്‍മാരുടെയും ഡിസംബര്‍ മാസത്തെ സ്റ്റൈപ്പന്റ് ഇതുവരെയും ലഭിക്കാത്ത സാഹചര്യത്തില്‍ 19 മുതല്‍ ജോലിയില്‍ നിന്നു വിട്ട് നിന്ന് അനിശ്ചിതകാല സമരം തുടങ്ങാന്‍ തീരുമാനം. കോഴിക്കോട് മെഡിക്കല്‍ കോളജ് പോര്‍ട്ടിക്കോയില്‍ നടന്ന സൂചനസമരത്തിലാണ് തീരുമാനം. പിജി അസോസിയേഷന്‍, ഹൗസ് സര്‍ജന്‍ അസോസിയേഷന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം.
കോളജ് പ്രിന്‍സിപ്പലുമായി നേതാക്കള്‍ ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ എന്ന് മുതല്‍ ലഭിക്കുമെന്ന് അറിയിപ്പുണ്ടായില്ല. ഫൈനാന്‍സ് വിഭാഗത്തോട് ഫണ്ട് ഉടനെ റീലീസ് ചെയ്യാന്‍ ആവശ്യപെട്ടതായി മാത്രമെ പ്രിന്‍സിപ്പല്‍ അറിയിച്ചുള്ളുവെന്നാണ് സംഘടന നേതാക്കള്‍ അറിയിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ മാസം മുതല്‍ സര്‍ക്കാര്‍ ഫണ്ട് ഇവര്‍ക്ക് ലഭിച്ചിരുന്നില്ല.ഇതുവരെയുള്ള മാസങ്ങളിലെ സ്റ്റൈപന്റ് പ്രിന്‍സിപ്പലിന്റെ പേഴ്‌സനല്‍ അക്കൗണ്ടില്‍ നിന്നു മറ്റു ഫണ്ടുകളില്‍ നിന്നുമാണ് നല്‍കിവന്നിരുന്നത്.
പുതുവര്‍ഷത്തില്‍ സ്റ്റൈപന്റ് നല്‍കാന്‍ ഈ ഫണ്ടും ലഭ്യമല്ല എന്ന നിലപാടിലാണ് അധികൃതര്‍.സ്റ്റൈപന്റ് വൈകുന്നത് ദൈനംദിന ജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന അവസ്ഥയിലായതിനാലാണ് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നതെന്നും സമര സമിതി നേതാക്കള്‍ പറഞ്ഞു.
കേരള മെഡിക്കല്‍ പോസ്റ്റ് ഗ്രാഡുവേറ്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി ഡോ. വി സദിന്‍ലാല്‍, ഹൗസ് സര്‍ജന്‍ അസോസിയേഷന്‍ സെക്രട്ടറി, ഡോ. മുഹമ്മദ് അന്‍സാരി, ഡോ. മുഹമ്മദ് മുസ്തഫ, ഡോ. ബിനീഷ് ഡോ. നൗഫല്‍, ഡോ. നവീന്‍ സൂചനാസമരത്തിന് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it