wayanad local

സ്‌റ്റേഷനില്‍ സൂക്ഷിച്ച മാജിക് പെട്ടി തുറന്നു; പ്രവചനം കൃത്യം

മാനന്തവാടി: മാജിക് പെട്ടി തുറന്നു. പ്രവചനം കിറുകൃത്യമായതോടെ കൗതുകം ആശ്ചര്യമായി. കാഴ്ചക്കാരെ ഒന്നടങ്കം ആശ്ചര്യഭരിതരാക്കി മജീഷ്യന്‍ മഹേഷ് വയനാടിന്റെ പ്രവചനപ്പെട്ടിയാണ് ഇന്നലെ തുറന്നത്. മാനന്തവാടി എസ്‌ഐ വിനോദ് വലിയാറ്റൂരും മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഉസ്മാനും ചേര്‍ന്ന് പെട്ടിതുറന്ന് അതിലെഴുതിയിരിക്കുന്ന പ്രവചനങ്ങള്‍ വായിച്ചപ്പോള്‍ സദസ്സ് ഒന്നടങ്കം വിസ്മയത്തിന്റെ പരകോടിയിലെത്തി.
മാനന്തവാടി നഗരസഭയിലെ മുഴുവന്‍ വിജയികളുടെയും ഇതു സംബന്ധിച്ചുള്ള പ്രധാന മലയാള പത്രങ്ങളുടെ തലക്കെട്ടുമാണ് കഴിഞ്ഞയാഴ്ച മഹേഷ് പ്രവചിച്ചിരുന്നത്. പ്രസ്‌ഫോറം ഹാളില്‍ വച്ച് അന്നു നടത്തിയ പ്രവചനച്ചടങ്ങില്‍ നിരവധി പേര്‍ സന്നിഹിതരായിരുന്നു. സദസ്സിലുണ്ടായിരുന്ന അഞ്ചോളം വ്യക്തികള്‍ പേരെഴുതി ഒപ്പിട്ട മുദ്രപത്രത്തിലായിരുന്നു മഹേഷ് വേദിയില്‍ വച്ച് പ്രവചനം എഴുതിയത്. പിന്നീട് ഏവരുടെയും സാന്നിധ്യത്തില്‍ പ്രസ്തുത പേപ്പര്‍ പ്രത്യേക പെട്ടിയിലാക്കിയശേഷം താഴിട്ടു പൂട്ടി, താക്കോല്‍ സിഐ വശവും പെട്ടി മാനന്തവാടി സ്‌റ്റേഷനും കൈമാറി. ഈ പെട്ടിയാണ് ഇന്നലെ പൊതുജനത്തെ സാക്ഷിയാക്കി മാനന്തവാടി വ്യാപാര ഭവനില്‍ വച്ച് തുറന്നത്.
പ്രവചനം തുടങ്ങുന്നതിനു മുമ്പ് പലര്‍ക്കും സംശയങ്ങളും ആശങ്കകളും ഉണ്ടായിരുന്നൂവെങ്കിലും പെട്ടി തുറന്നതോടെ ആശങ്കകള്‍ ആശ്ചര്യത്തിലേക്ക് വഴിമാറുകയായിരുന്നു. മഹേഷിന്റെ തൃപ്തികരമായ പ്രവചനത്തെ മുന്‍നിര്‍ത്തി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അദ്ദേഹത്തിന് ഉപഹാരം നല്‍കി. മാനന്തവാടി പ്രസ് ഫോറവും ഗ്രാന്റ് ഡ്രേപ്പ് എന്റര്‍ടെയ്ന്‍മെന്റും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ കടവത്ത് മുഹമ്മദ്, ഉണ്ണി, സി പി മുഹമ്മദലി, കബീര്‍ മാനന്തവാടി, കെ എം ഷിനോജ്, കെ ഷമീര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it