malappuram local

സ്‌റ്റേഷനില്‍നിന്നു രക്ഷപ്പെട്ട കഞ്ചാവ്കേസിലെ പ്രതി വീണ്ടും പിടിയില്‍

കോട്ടക്കല്‍: കോട്ടക്കല്‍ സ്‌റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ട കഞ്ചാവുകേസിലെ പ്രതി വീണ്ടും പിടിയില്‍. എടരിക്കോട് സ്വദേശി താജുദ്ദീനെ(26)യാണ് കോഴിക്കോട് നിന്ന് പോലിസ് വീണ്ടും പിടികൂടിയത്. കഴിഞ്ഞ 18ന് രാത്രി കോട്ടക്കല്‍ വലിയപറമ്പില്‍ നിന്നാണ് കഞ്ചാവു മൊത്തവില്‍പ്പനക്കാരനായ ഇയാളെ നാട്ടുകാരുടെ സഹായേത്താടെ കഞ്ചാവുമായി പിടികൂടിയത്. പിറ്റേന്ന് പുലര്‍ച്ചെ സ്‌റ്റേഷനിലെ മൂന്നു പോലിസുകാരെ വിദഗ്ധമായി കബളിപ്പിച്ച് ഇയാള്‍ സ്റ്റേഷനില്‍ നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്ന് കഞ്ചാവ് വില്‍പനയില്‍ ഇയാളുടെ സഹായികളായ രണ്ടു പേരെ കോട്ടക്കല്‍ പോലിസ് അറസ്റ്റു ചെയ്തിരുന്നു. പ്രതി ചാടിപ്പോയ സംഭവവുമായി ബന്ധപ്പെട്ട് തിരൂര്‍ സിഐ എം മുഹമ്മദ് ഹനീഫയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്‌റ്റേഷനിലെ പോലിസുകാരായ സുരേഷ് കുമാര്‍, സജികുമാര്‍, മുഹ്‌സിന്‍ എന്നിവരെ ജില്ലാ പോലിസ് മേധാവി സസ്‌പെന്റ് ചെയ്തിരുന്നു. ശുചിമുറിയില്‍ നിന്ന് വരുമ്പോള്‍ പ്രതി പോലിസുകാരെ തള്ളിമാറ്റി രക്ഷപ്പെടുകയായിരുന്നുവെന്നാണ് റിപോര്‍ട്ട്. താജുദ്ദീനെ വിവിധ സ്ഥലങ്ങളിലെത്തിച്ചു തെളിവെടുപ്പ് നടത്തി. ഇയാളെ പെരിന്തല്‍മണ്ണ മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Next Story

RELATED STORIES

Share it