Flash News

സ്‌റ്റെര്‍ലൈറ്റ് പ്ലാന്റ് വ്യവസ്ഥകള്‍ ലംഘിച്ചു; അടച്ചുപൂട്ടണം: മലിനീകരണ നിയന്ത്രണ ബോര്‍ഡ്

ചെന്നൈ: തൂത്തുക്കുടിയിലെ സ്‌റ്റെര്‍ലൈറ്റ് ചെമ്പ് ശുദ്ധീകരണ പ്ലാന്റ് ഉടന്‍ അടച്ചുപൂട്ടാന്‍ തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവ്. ബുധനാഴ്ച രാത്രിയോടെയാണ് പ്ലാന്റ് അടച്ചുപൂട്ടുന്നതിന് ബോര്‍ഡ് ചെയര്‍മാന്റെ ഉത്തരവ് പുറത്തുവന്നത്. തുടര്‍ന്ന് തിരുനെല്‍വേലി ജോയിന്റ് ചീഫ് എന്‍വയണ്‍മെന്റല്‍ എന്‍ജിനീയറുടെ നിര്‍ദേശപ്രകാരം ഇന്നലെ പുലര്‍ച്ചെ അഞ്ചു മണിയോടെ പ്ലാന്റിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചു.
പ്ലാന്റിലെ ഉല്‍പാദന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ കമ്പനി ശ്രമിക്കുന്നതായി ഈ മാസം 18നും 19നും നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതായി ബോര്‍ഡ് ഉത്തരവില്‍ പറയുന്നു. പ്ലാന്റിലേക്കുള്ള ജലവിതരണം വിച്ഛേദിക്കാനും ബോര്‍ഡ് നിര്‍ദേശിച്ചു. പ്രവര്‍ത്തിക്കാനുള്ള അനുമതി (സിടിഒ) പുതുക്കാനുള്ള വേദാന്തയുടെ അപേക്ഷയും ബോര്‍ഡ് പരിശോധിച്ചു. ഏപ്രിലില്‍ അപേക്ഷ ബോര്‍ഡ് തള്ളിയിരുന്നു. പ്രവര്‍ത്തന അനുമതിക്കുള്ള വ്യവസ്ഥകള്‍ കമ്പനി ലംഘിച്ചതായി കണ്ടെത്തിയായിരുന്നു നേരത്തേ അപേക്ഷ തള്ളിയിരുന്നത്.
അതേസമയം, തൂത്തുക്കുടി വെടിവയ്പില്‍ മരിച്ചവരുടെ എണ്ണം 13 ആയി.  ചൊവ്വാഴ്ച നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട് നൂറിലേറെ പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്ലാന്റിനെതിരേ തൂത്തുക്കുടിയില്‍ സമരം നടത്തിയവര്‍ക്കു നേരെ പോലിസ് നടത്തിയ വെടിവയ്പില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്നു തമിഴ്‌നാട്ടില്‍ 12 മണിക്കൂര്‍  ബന്ദ് പ്രഖ്യാപിച്ചു.
അതേസമയം, തൂത്തുക്കുടി വെടിവയ്പിനെ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്തെത്തി. വെടിവയ്പ് പോലിസിന്റെ ഭാഗത്തുനിന്നുണ്ടായ സ്വാഭാവിക തിരിച്ചടി മാത്രമാണെന്നാണ് മുഖ്യമന്ത്രി ഇ കെ പളനിസ്വാമിയുടെ പ്രതികരണം.
അതിനിടെ, സമരക്കാര്‍ക്കുനേരെയുള്ള പോലിസ് ക്രൂരതയുടെ മുഖം വെളിവാകുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. 22കാരനായ കാളിയപ്പനെ വെടിവച്ചശേഷം പോലിസുകാര്‍ ചുറ്റും കൂടിനിന്ന് ലാത്തി കൊണ്ട് തട്ടി 'അഭിനയിക്കാതെ എഴുന്നേറ്റുപൊയ്‌ക്കോ' എന്നു പറയുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. വെടിവയ്പില്‍ പരിക്കേറ്റ കാളിയപ്പന്‍ ആശുപത്രിയിലാണ് മരിച്ചത്.
Next Story

RELATED STORIES

Share it