wayanad local

സ്‌മോക്ക്‌ലെസ് വില്ലേജ് പദ്ധതിയില്‍ പനമരവും

കല്‍പ്പറ്റ: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ (ഐഒസി) 'മിഷന്‍- സ്‌മോക്ക്‌ലെസ് വില്ലേജ്' പദ്ധതിയില്‍ കേരളത്തില്‍ നിന്ന് ആദ്യമായി പനമരം വില്ലേജ്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്ക് സൗജന്യമായി ഗ്യാസ് കണക്ഷന്‍ നല്‍കി പനമരം വില്ലേജിലെ എല്ലാ വീടുകളിലും ഗ്യാസ് കണക്ഷന്‍ ഉറപ്പാക്കുന്നതാണ് പദ്ധതി.
അടുക്കളയില്‍ നിന്നുള്ള പുക ഒഴിവാക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണത്തിനൊപ്പം ജനങ്ങളുടെ ആരോഗ്യസംരക്ഷണം കൂടിയാണ് ഐഒസി ലക്ഷ്യമിടുന്നത്. ഐഒസി രാജ്യവ്യാപകമായാണ് മിഷന്‍-സ്‌മോക്ക്‌ലെസ് വില്ലേജ് പദ്ധതി നടപ്പാക്കുന്നത്. വയനാട്ടിലെ ജനസംഖ്യ 8.16 ലക്ഷമാണ്. കുടുംബങ്ങളാവട്ടെ, 1.9 ലക്ഷവും. ഇതില്‍ 1.53 കുടുംബങ്ങള്‍ക്ക് നിലവില്‍ ഗ്യാസ് കണക്ഷനുണ്ട്. ബാക്കി 19 ശതമാനം കുടുംബങ്ങള്‍ ഗ്യാസിനു പകരം വിറകും മറ്റ് മാര്‍ഗങ്ങളുമാണ് ഉപയോഗിക്കുന്നത്.
പനമരം വില്ലേജില്‍ 2,916 കുടുംബങ്ങളുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതില്‍ രണ്ടായിരത്തോളം കുടുംബങ്ങള്‍ക്ക് എല്‍പിജി കണക്ഷനുണ്ട്. ബാക്കിയുള്ളവരില്‍ ബഹുഭൂരിപക്ഷവും കണക്ഷനെടുക്കാന്‍ കഴിയാത്തവിധം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണ്. ഐഒസി എക്‌സിക്യൂട്ടീവ് (കേരള) ഡയറക്ടര്‍ മുരളി ശ്രീനിവാസനാണ് സ്‌മോക്ക്‌ലെസ് വില്ലേജ് പദ്ധതിക്ക് തുടക്കംകുറിക്കുന്നത്. ഇന്നു രാവിലെ 10ന് പനമരം വ്യാപാരഭവനില്‍ നടക്കുന്ന ചടങ്ങ് ജില്ലാ കലക്ടര്‍ വി കേശവേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അസ്മത്ത് ബിപിഎല്ലുകാര്‍ക്കുള്ള കണക്ഷന്‍ സ്വീകരിക്കും. പനമരം കുളങ്ങരത്ത് ഗ്യാസ് ഏജന്‍സി സൗജന്യമായി ആദിവാസി കുടുംബങ്ങള്‍ക്ക് നല്‍കുന്ന അരിക്കിറ്റ് വിതരണോദ്ഘാടനം സബ് കലക്ടര്‍ ശീറാം സാംബശിവറാവു നിര്‍വഹിക്കും.
ഐഒസി ചീഫ് ഏരിയാ ഓഫിസര്‍ പി പി ഉണ്ണികൃഷ്ണന്‍, എഡിഎം പി വി ഗംഗാധരന്‍, ജില്ലാ സപ്ലൈ ഓഫിസര്‍ പി പി അഹമ്മദ്, മില്‍മ ചെയര്‍മാന്‍ പി ടി ഗോപാലക്കുറുപ്പ് പങ്കെടുക്കും.
Next Story

RELATED STORIES

Share it