സ്‌ഫോടനത്തില്‍ യുവാവ് മരിച്ചു; അപകടത്തില്‍ ദുരൂഹത

വടകര: മാഹി റെയില്‍വേ സ്റ്റേഷന് കിഴക്ക് അഴിയൂര്‍ കക്കടവില്‍ ദുരൂഹ സാഹചര്യത്തിലുണ്ടായ സ്‌ഫോടനത്തില്‍ യുവാവ് മരിച്ചു. സിപിഎം പ്രവര്‍ത്തകനായ അഴിയൂര്‍ ബംഗ്ലാവില്‍താഴെ രാഹുല്‍ജിത്ത്(24) ആണ് മരിച്ചത്. വിഷുദിവസം വ്യാഴാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. പടക്കം പൊട്ടിക്കുന്നതിനിടെ ചീള് കഴുത്തില്‍ തറച്ച് മരിച്ചതെന്നാണ് പോലിസ് വിശദീകരിക്കുന്നത്. അതേസമയം സ്‌ഫോടകവസ്തു നിര്‍മാണത്തിനിടെ പൊട്ടിത്തെറിച്ചതാണ് മരണകാരണമെന്നും ആരോപണമുണ്ട്.
വിഷു ആഘോഷത്തിനായി കൊണ്ടുവന്ന കരിമരുന്നുപയോഗിച്ച് ഉണ്ടാക്കിയ സ്‌ഫോടകവസ്തു വീടിന് ഇരുനൂറ് മീറ്റര്‍ അകലെ കൊണ്ടുപോയി പൊട്ടിക്കുകയാണ് ചെയ്തത്. കഴുത്തില്‍ ആഴത്തിലേറ്റ മുറിവാണ് മരണത്തിനു കാരണം. ചീള് കയറിയതോടെ കുഴഞ്ഞുവീണ രാഹുല്‍ജിത്തിനെ സുഹൃത്തുക്കള്‍ ഓട്ടോയില്‍ കയറ്റി മാഹി ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പൊട്ടിത്തെറിയില്‍ കഴുത്തിനു പുറമെ മുഖത്തും മുറിവേറ്റിട്ടുണ്ട്. സുഹൃത്തുക്കളുടെ സാന്നിധ്യത്തിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ സുഹൃത്തുക്കളായ മൂന്നുപേര്‍ക്കും പരിക്കുണ്ട്. ഇതില്‍ ഒരാളായ ദിപിന്‍ ടിപി ചന്ദ്രശേഖരന്‍ കൊലക്കേസിലെ 29ാം പ്രതിയാണ്. ഇയാളെ തലശ്ശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാഹി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.നിര്‍മാണ തൊഴിലാളിയായ രാഹുല്‍ജിത്ത് ബംഗ്ലാവില്‍ താഴെ വാസുദേവന്റെയും പ്രസന്നയുടെയും മകനാണ്. രസ്‌നയാണ് സഹോദരി.
എന്നാല്‍, പടക്കമല്ല ഇയാളുടെ കൈയില്‍ നിന്നു പൊട്ടിയതെന്നും ബോംബാണെന്നും സംശയമുയരുന്നുണ്ട്. മരണത്തിലേക്ക് നയിക്കേണ്ട ചീളുപോലുള്ള സാമഗ്രികള്‍ സാധാരണ പടക്കത്തില്‍ ഉണ്ടാവാറില്ല. മാത്രമല്ല, ഉഗ്രസ്‌ഫോടനത്തിന്റെ ശബ്ദവുമാണ് പ്രദേശത്ത് കേട്ടത്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് കിട്ടിയാലേ മരണകാരണം സംബന്ധിച്ച് സ്ഥിരീകരണമുണ്ടാവൂ. സംഭവത്തില്‍ ബോംബ് സ്‌ക്വാഡ് സ്ഥലം പരിശോധിച്ചിട്ടുണ്ട്. ഫോറന്‍സിക് വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധനയ്ക്കായി പടക്കത്തിന്റെ സാംപിളുകളും അപകടം നടന്ന സ്ഥലത്തു നിന്നു ലഭിച്ച സാംപിളുകളും ശേഖരിച്ച് കൊണ്ടുപോയതായി അന്വേഷണ ഉദ്യോഗസ്ഥന്‍ ചോമ്പാല എസ്‌ഐ പ്രജീഷ് അറിയിച്ചു.
Next Story

RELATED STORIES

Share it