സ്‌ഫോടനം; കോണ്‍ഗ്രസ്  പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

തലശ്ശേരി: ധര്‍മടം സ്വാമിക്കുന്നുമ്പ്രം വട്ടക്കല്ലിനടുത്തുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. പുതിയാണ്ടിയില്‍ എടക്കടവത്ത് സജീവന്‍(41) ആണു മരിച്ചത്.
മല്‍സ്യത്തൊഴിലാളിയാണ്. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. വീടിന് അല്‍പം അകലെയുള്ള ആളൊഴിഞ്ഞ പറമ്പില്‍ വീണുകിടന്ന തെങ്ങോലയും മറ്റും ശേഖരിക്കുന്നതിനിടെയാണ് സ്‌ഫോടനം. ഉഗ്രശബ്ദം കേട്ട് പരിസരവാസികള്‍ ഓടിക്കൂടിയപ്പോഴാണ് സജീവനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടത് കൈപ്പത്തി ചിതറിയ നിലയിലായിരുന്നു. നെഞ്ചിലും കാലുകള്‍ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഛിന്നഭിന്നമായ പാക്കറ്റിന്റെ അവശിഷ്ടങ്ങള്‍ സ്ഥലത്ത് ഉണ്ടായിരുന്നതായി പോലിസ് പറഞ്ഞു. ധര്‍മടത്തെ പരേതരായ അനന്തന്‍-കൗസു ദമ്പതികളുടെ മകനായ സജീവന്‍ അവിവാഹിതനാണ്. സഹോദരങ്ങള്‍: ഷാനി, അനിത, ബിന്ദു, പരേതനായ വിനോദ്. തലശ്ശേരി സിഐ വി കെ വിശ്വംഭരന്‍, ധര്‍മടം എസ്‌ഐ സി ഷാജു എന്നിവരുടെ നേതൃത്വത്തില്‍ പോലിസും ബോംബ്-ഡോഗ് സ്‌ക്വാഡും സ്ഥലം സന്ദര്‍ശിച്ചു. ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്വാമിക്കുന്നുമ്പ്രം ഉള്‍പ്പെടുന്ന വാര്‍ഡില്‍ ബിജെപിയാണു വിജയിച്ചത്. സംഭവത്തിനു പിന്നില്‍ ആര്‍എസ്എസാണെന്നും അവരുടെ ശക്തികേന്ദ്രത്തിലാണ് സ്‌ഫോടനമുണ്ടായതെന്നും സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ആരോപിച്ചു. എന്നാല്‍, ഈ ആരോപണം ആര്‍എസ്എസ് നേതൃത്വം നിഷേധിച്ചു.
Next Story

RELATED STORIES

Share it