Idukki local

സ്‌ഫോടക വസ്തു ശേഖരം പിടികൂടി; ഒരാള്‍ അറസ്റ്റില്‍



തൊടുപുഴ: മണക്കാടിനു സമീപം വന്‍ സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. വയനാട് സ്വദേശിയും മണക്കാട് വാടകയ്ക്ക് താമസിച്ചുവരുന്നതുമായ മനോജ് (45) ആണ് പിടിയിലായത്. നെല്ലിക്കാവിനു സമീപത്തെ റബര്‍ തോട്ടത്തില്‍ നിന്ന് ബുധനാഴ്ചയാണ് സ്‌ഫോടക വസ്തു ശേഖരം പിടികൂടിയത്. മുണ്ടക്കല്‍ കരുണാകരന്റെ ഉടമസ്ഥതയിലുള്ള വസ്തുവില്‍ നിന്നാണ് 188 ഇലക്ട്രിക് ഡിറ്റണേറ്ററുകളും 41 ജലാറ്റിന്‍ സ്റ്റിക്കുകളും കണ്ടെത്തിയത്. ചാക്കില്‍ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. സമീപത്തായി വീട് വാടകയ്‌ക്കെടുത്ത് തമസിച്ച് വരികയായിരുന്നു മനോജ്. കിണര്‍ കഴിക്കുന്ന ജോലി ചെയ്യുന്ന ഇയാള്‍ പാറ പൊട്ടിക്കുന്നതിനായാണു സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. സ്‌ഫോടക വസ്തു കണ്ടെത്തിയതിനെ തുടര്‍ന്ന് പോലിസ് പ്രദേശത്ത് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് സ്ഥലത്ത് നിന്നു മാറിയ മനോജിനെ കുറിച്ച് പോലിസ് അന്വേഷിച്ച് വരികയായിരുന്നു. ഇന്നലെ ഉച്ചയോടെയാണു പ്രതിയെ ടൗണില്‍ നിന്ന് പിടികൂടുന്നത്. ഇയാളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി. എസ്‌ഐ ജോബിന്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ഏത് വിധത്തിലും ഘടിപ്പിച്ച് ഉപയോഗിക്കാവുന്ന തരത്തിലായിരുന്നു സ്‌ഫോടക വസ്തുക്കള്‍. വഴിത്തലയിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയ ഇവ നിര്‍വീര്യമാക്കാനുള്ള ശ്രമം നടക്കുകയാണ്. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.
Next Story

RELATED STORIES

Share it