സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് മൂന്ന് യുവാക്കള്‍ക്ക് പരിക്ക്; ഡൈനാമിറ്റുകള്‍ ബോംബ് സ്‌ക്വാഡ് നിര്‍വീര്യമാക്കി

മാള (തൃശൂര്‍): സ്‌ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് മൂന്ന് യുവാക്കള്‍ക്ക് പരിക്ക്. ഒരാളുടെ നില അതീവ ഗുരുതരം.
മാള പഞ്ചായത്തിലെ ഗുരുതിപ്പാല പേരൂര്‍ക്കാവ് ഭഗവതിക്ഷേത്രത്തിന് സമീപമുണ്ടായ സഫോടനത്തിലാണ് പ്രദേശവാസികളും സുഹൃത്തുക്കളുമായ പാറയില്‍വളപ്പില്‍ വിദ്യാധരന്റെ മകന്‍ സംഗീത് (24 ), വില്ലംപറമ്പില്‍ തിലകന്റെ മകന്‍ അര്‍ജുന്‍ (19 ), പുലിക്കാട്ടില്‍ വിജയകുമാറിന്റെ മകന്‍ വിഷ്ണു (17 ) എന്നിവര്‍ക്ക് പരിക്കേറ്റത്. ഇതി ല്‍ സംഗീതിന് 80 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. ഇവര്‍ മൂന്നു പേരും തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. മുളന്തങ്കുഴലില്‍ നിറച്ച ഡൈനാമിറ്റ് പുറത്തെടുക്കാനായി കുഴല്‍ ഹാക്‌സോ ബ്ലെയ്ഡ് ഉപയോഗിച്ച് അറുക്കുന്നതിനിടെ ഇന്നലെ പുലര്‍ച്ചെ 1.20ഓടെ സ്പാര്‍ക്കുണ്ടായാണ് വെടിമരുന്ന് ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. ഇന്നലെ ക്ഷേത്രത്തില്‍ നടന്ന ദേശഗുരുതിക്കായി ഡൈനാമിറ്റ് പുറത്തെടുത്ത് ഗുണ്ടായി ഉപയോഗിക്കുന്നതിനായി ശ്രമിക്കുമ്പോഴാണ് സംഭവം. ഭഗവതിക്ഷേത്രത്തിലെ ഉല്‍സവത്തിന് പൊട്ടിക്കാനായെത്തിച്ച വെടിക്കോപ്പുകളാണ് പൊട്ടിത്തെറിച്ചതെന്ന് പോലിസ് പറയുന്നു. ഉല്‍സവത്തിന് പൊട്ടിക്കാനായി വലിയ തോതില്‍ പടക്കങ്ങള്‍ എത്തിച്ചിരുന്നു. എന്നാല്‍, പുറ്റിങ്ങല്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പോലിസ് കര്‍ശന നടപടികള്‍ സ്വീകരിച്ചതോടെ കൂടുതലായി എത്തിച്ച വെടിക്കോപ്പുകള്‍ തിരിച്ചയച്ചെങ്കിലും ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന വെടിക്കോപ്പുകള്‍ മാറ്റിയിരുന്നില്ല. ഈ വെടിക്കോപ്പുകളാണ് അപകടം വിതച്ചത്. അപകടത്തില്‍ സമീപത്തെ പേരൂര്‍ക്കാവില്‍ വാര്യത്തെ രാജന്റെയും സംഗീതിന്റെയും വിടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. സംഭവസ്ഥലത്തുനിന്ന് പൊട്ടാത്തതും അഴിക്കാത്തതുമായ 29 ഡൈനാമിറ്റുകള്‍ കണ്ടെടുത്തു. ഇവ തൃശൂര്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡ് നിര്‍വീര്യമാക്കി.
Next Story

RELATED STORIES

Share it