kannur local

സ്‌ഫോടകശേഖരം പിടികൂടിയ സംഭവം: അന്വേഷണം ഊര്‍ജിതം

ഇരിട്ടി: കര്‍ണാടകയില്‍ നിന്നു കേരളത്തിലേക്ക് ലോറിയില്‍ കടത്തുകയായിരുന്ന വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടിയ സംഭവവത്തില്‍ ഇരിട്ടി പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായ തൃശൂര്‍ സ്വദേശിയായ ലോറി ഡ്രൈവര്‍ കെ ജെ അഗസ്റ്റി(32)നെ വിശദമായി ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഇരിട്ടി എസ്‌ഐ പി സി സഞ്ജയ് കുമാര്‍ അറിയിച്ചു. മട്ടന്നൂര്‍ കോടതി 14 ദിവസത്തേക്കാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്.
തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നോടെ കിളിയന്തറ ചെക്‌പോസ്റ്റില്‍ എക്‌സൈസ് സംഘം വാഹന പരിശോധനയ്ക്കിടെയാണ് ലോറിയില്‍ കടത്തിയ വന്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടിയത്. ബംഗളൂരുവില്‍ നിന്നു പൂന്തോട്ട നിര്‍മാണത്തിനായി ഉപയോഗിക്കുന്ന അലങ്കാര പച്ചപ്പുല്‍ എന്ന വ്യാജേന കെഎല്‍ 48 സി 5717 പിക്കപ്പ് വാനില്‍ കടത്തുകയായിരുന്ന 25 കിലോ വീതമുള്ള 90 പെട്ടി ജലാറ്റിന്‍ സ്റ്റിക്ക്, 7 മീറ്റര്‍ നീളം വീതമുള്ള 9 പായ്ക്കറ്റ് ഫ്യൂസ് വയര്‍ എന്നിവയാണ് കിളിയന്തറ എക്‌സൈസ് ചെക്‌പോസ്റ്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി വി പ്രഭാകരന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. സ്‌ഫോടകവസ്തുക്കള്‍ക്ക് 10 ലക്ഷത്തോളം രൂപ വിലവരുമെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.     സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ലോറി ഡ്രൈവര്‍ തൃശൂര്‍ മണ്ണുത്തി പാണഞ്ചേരി കളപ്പറമ്പില്‍ ഹൗസില്‍ കെ ജെ അഗസ്റ്റി(32)നെയും സ്‌ഫോടക ശേഖരമുള്‍പ്പെടെ ലോറിയും എക്‌സൈസ് സംഘം പിന്നീട് ഇരിട്ടി പോലിസിനു കൈമാറുകയായിരുന്നു. ബംഗളുരുവില്‍ നിന്നു കോഴിക്കോട്ടേക്ക് ഏജന്റമാര്‍ മുഖേനയാണ് സ്‌ഫോടകവസ്തു കടത്തിയതെന്നും കോഴിക്കോട്ടെത്തിച്ചാല്‍ ഒരു പെട്ടിക്ക് 1000 രൂപ വീതം തനിക്ക് പ്രതിഫലം ലഭിക്കുമെന്നും കരിങ്കല്‍ ക്വാറികളില്‍ പാറ പൊട്ടിക്കാനായി ക്വാറി ഉടമകള്‍ക്ക് വില്‍പന നടത്താനാണ് ഉപയോഗിക്കുന്നതെന്നുമാണ് ചോദ്യം ചെയ്യലില്‍ ഡ്രൈവര്‍ പറഞ്ഞത്.
കരിങ്കല്‍ ക്വാറികളുടെ മറവില്‍ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ബംഗളൂരുവില്‍ നിന്നു വ്യാപകമായി സ്‌ഫോടകവസ്തുക്കള്‍ കടത്തുന്നുണ്ടെന്ന പരാതി നിലനില്‍ക്കുന്നുണ്ട്. ചോദ്യം ചെയ്യലില്‍ എവിടെ നിന്നാണ് സ്‌ഫോടകവസ്തു ശേഖരം കൈമാറിയതെന്നോ ആരാണ് കൈമാറിയതെന്നോ അഗസ്റ്റിന്‍ ആദ്യം പറഞ്ഞിരുന്നില്ല. ആര്‍ക്കാണ് കൈമാറേണ്ടതെന്നും ആരാണ് ചുമതലപ്പെടുത്തിയതെന്നും വെളിപ്പെടുത്തിയിരുന്നില്ല. ബംഗളുരുവില്‍ നിന്നു ലോറിയില്‍ നിരവധി ചെക്‌പോസ്റ്റുകള്‍ കടന്ന് ഇത്രയും കൂടുതല്‍ സ്‌ഫോടകവസ്തുക്കള്‍ യാതൊരു പരിശോധനയുമില്ലാതെ കേരളത്തിലെത്തിച്ചതിനു പിന്നില്‍ വന്‍ സംഘം തന്നെ പ്രവര്‍ത്തിക്കുന്നതായാണു പോലിസ് നിഗമനം. കേരളത്തിലും കര്‍ണാടകത്തിലുമായി ഉദ്യോഗസ്ഥ തലത്തില്‍ തന്നെ ഇത്തരം സംഘങ്ങള്‍ക്ക് സഹായം നല്‍കുന്നുതായും സംശയമുയര്‍ന്നിട്ടുണ്ട്.ഇത്തരം സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് ബോംബ് നിര്‍മാണം ഉള്‍പ്പെടെയുള്ളവയും നടക്കുന്നതായും പിടിയിലായ ഡ്രൈവര്‍ വെറും ജോലിക്കാരന്‍ മാത്രമാണെന്നുമാണ് പോലിസിന്റെ നിഗമനം.
Next Story

RELATED STORIES

Share it