malappuram local

സ്‌ഫോടകവസ്തുക്കള്‍ പിടികൂടിയ സംഭവം: പരിശോധന തുടരുന്നു

കൊണ്ടോട്ടി: മോങ്ങത്ത് നിന്ന് വാഹനത്തിലും, ഗോഡൗണില്‍ നിന്നുമായി സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയ കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടതായി സൂചന. കേസ് മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്.
തൃശൂര്‍  റെയ്ഞ്ച് ഐജിയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച സംഘത്തില്‍ കൊണ്ടോട്ടി ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഹനീഫയും, ജില്ലാ പോലിസ് മേധാവിയുടെ പ്രത്യേക അന്വേഷണസംഘങ്ങളും ഉള്‍പ്പെടും. ഇവരുടെ നേതൃത്വത്തില്‍ മുഖ്യപ്രതിയായ ബാസിതിന്റെ കൊട്ടപ്പുറത്തുള്ള ഭാര്യ വീട്ടില്‍ പരിശോധന നടത്തി. പൂക്കോട്ടൂര്‍ മൈലാടിയിലുള്ള സുഹൃത്തിന്റെ വീട്ടിലും കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. കേസിലെ സൂത്രധാരന്‍ മോങ്ങത്തെ ഗോഡൗണ്‍ ഉടമയെന്ന് സംശയിക്കുന്ന ആലത്തൂര്‍പടി സ്വദേശി ബാസിത്തിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഗോഡൗണ്‍ ഉടമ ബാസിത്തിനെ കൂടാതെ മജീദ് എന്നയാളെയും പോലിസ് അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞ ബുധനാഴ്ചയാണു മോങ്ങത്തെ മര ഗോഡൗണിലെ ലോറിയില്‍ നിന്നും സ്‌ഫോടകവസ്തുക്കള്‍ പിടികൂടിയത്. ലോറി ഡ്രൈവര്‍ കാസര്‍ക്കോട് സ്വദേശി ജോര്‍ജ (40), കര്‍ണ്ണാടക  സ്വദേശി ഹക്കീം (32) എന്നിവരെ സംഭവ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ മലപ്പുറം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ 14 ദിവസത്തെ റിമാന്‍ഡിലാണ്. കര്‍ണ്ണാടകയിലെ ഹാസന്‍ ജില്ലയിലെ വിഷ്ണു പവര്‍ കമ്പനിയില്‍ നിന്നാണു സ്‌ഫോടക വസ്്തുക്കള്‍ എത്തിച്ചിരിക്കുന്നത്. കരിങ്കല്ല് ക്വാറികളിലും മറ്റും ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കളാണെങ്കിലും ഇത്ര വലിയ ശേഖരത്തിനു പിറകില്‍ മറ്റു സഹായികളുണ്ടെന്നാണ് പോലിസ് സംശയിക്കുന്നത്.
Next Story

RELATED STORIES

Share it