സ്‌പോര്‍ട്‌സ് ലോട്ടറി: അന്വേഷണം സ്വാഗതാര്‍ഹം - ടി പി ദാസന്‍

കോഴിക്കോട്: സ്‌പോര്‍ട്‌സ് ലോട്ടറി നടത്തിപ്പുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നതായുള്ള ആരോപണത്തില്‍ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് ടി പി ദാസന്‍. കാലിക്കറ്റ് പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജിലന്‍സ് അന്വേഷണം നടന്നാല്‍ വിഷയത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
അഞ്ജുവിനെ പോലുള്ളവര്‍ ലോട്ടറിയില്‍ അഴിമതി നടത്തിയതായി പറയാന്‍ പാടില്ലായിരുന്നു. ടിക്കറ്റില്‍ അന്ന് ഒന്നാംസമ്മാനം ലഭിച്ചത് പാലക്കാട് വിറ്റഴിക്കാത്ത ടിക്കറ്റിനായിരുന്നു. ഈ ടിക്കറ്റിനെ ചൊല്ലി പഞ്ചായത്തിലെ അംഗങ്ങള്‍ തമ്മില്‍ ഹൈക്കോടതിയില്‍ കേസ് നടക്കുന്നതായും ടി പി ദാസന്‍ അറിയിച്ചു.
അന്നത്തെ സെക്രട്ടറി സര്‍ക്കാരിന് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. കായിക രംഗത്തിന്റെ വികസനത്തിന് അധിക വിഭവസമാഹരണം ലക്ഷ്യമിട്ടാണ് സ്‌പോര്‍ട്‌സ് സൂപ്പര്‍ ബമ്പര്‍ ലോട്ടറി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പുതുവര്‍ഷ ബമ്പര്‍ ലോട്ടറികള്‍ക്ക് ബാധകമാക്കിയിരുന്ന ചട്ടങ്ങളില്‍ അയവു വരുത്തിയാണ് ലോട്ടറി ഇറക്കിയത്.
സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് വിധേയമായിട്ടാണ് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ടിക്കറ്റ് ക്രെഡിറ്റ് വില്‍പന നടത്തിയത്. ലോട്ടറി വകുപ്പ് ടിക്കറ്റുകള്‍ നേരിട്ട് കക്ഷികള്‍ക്ക് നല്‍കുകയാണ് ചെയ്തത്. അല്ലാതെ കൗണ്‍സില്‍ വാങ്ങി സൂക്ഷിച്ചിട്ടില്ല. ലോട്ടറി വകുപ്പ് 40 ലക്ഷം ടിക്കറ്റുകളാണ് പ്രിന്റ് ചെയ്തത്. അതില്‍ 29,44,798 ടിക്കറ്റുകളാണ് വിറ്റത്.
മൊത്തം 29,44,82,300 വരവ് ലഭിച്ചതായും 20,09,69,847 രൂപ ചെലവായതായും കണക്കുണ്ട്. 9,35,12,453 രൂപ ലാഭം ഉണ്ടായി. വില്‍പനയുമായി ബന്ധപ്പെട്ട് മുഖ്യ ഏജന്റായി പ്രവര്‍ത്തിച്ച ഇനത്തില്‍ ലോട്ടറി വകുപ്പില്‍ നിന്ന് സംസ്ഥാന കൗണ്‍സിലിന് 1.15 കോടിരൂപ കമ്മീഷന്‍ ഇനത്തിലും ലഭിച്ചതായി അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it