സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ലക്ഷ്യമിടേണ്ടത് കായികമേഖലയുടെ ഉന്നമനം: ഹൈക്കോടതി

കൊച്ചി: പൊതുഫണ്ട് ചെലവഴിക്കല്‍ മാത്രമല്ല, കായികമേഖലയുടെ ഉന്നമനമാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പോലുള്ള സംവിധാനങ്ങളുടെ ലക്ഷ്യമാവേണ്ടതെന്ന് ഹൈക്കോടതി. പണം ചെലവഴിക്കുമ്പോഴും കായികമേഖലയുടെ വികസനം മുരടിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒരു പങ്കുമില്ലായെന്നത് അദ്ഭുതപ്പെടുത്തുന്നതായും ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ആലപ്പുഴ രാജാ കേശവാദാസ സ്വിമ്മിങ് പൂളിന് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടും പ്രവര്‍ത്തനയോഗ്യമാക്കാത്ത അവസ്ഥ ചൂണ്ടിക്കാട്ടി സേവ് ആലപ്പി ഫോറം സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. സ്വിമ്മിങ് പൂളിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി പൊതുജനത്തിന് തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് ഫ്രാന്‍സിസ് ടി ചാക്കോ എന്നയാള്‍ 2009ല്‍ ഹരജി നല്‍കി. എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കി സ്വിമ്മിങ് പൂള്‍ തുറക്കാന്‍ കോടതി ഉത്തരവിട്ടു.
ഇതിനുശേഷം 99.43 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്ക് സര്‍ക്കാര്‍ 2012 ജൂണ്‍ 15ന് ഭരണാനുമതി നല്‍കി. ഈ ഗ്രാന്റ് ലഭിച്ചിട്ടും അറ്റകുറ്റപ്പണിക്കോ സ്വിമ്മിങ് പൂള്‍ തുറന്നു നല്‍കാനോ ഇതുവരെ നടപടി എടുത്തില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കെടുകാര്യസ്ഥതയും അലംഭാവവുമാണ് ഇതിന് കാരണമെന്നായിരുന്നു ഹരജിയിലെ ആരോപണം.
ഹരജി പരിഗണിക്കവേ 2009ല്‍ നല്‍കിയ ഹരജിയിലെ അധികൃതരുടെ വിശദീകരണം കോടതി പരിശോധിച്ചു. 2016 ആഗസ്ത് 30നകം പണി പൂര്‍ത്തിയാക്കുമെന്ന വിശദീകരണമാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നല്‍കിയിരുന്നത്. സ്‌പോര്‍ട്‌സ് കൗണ്‍സിലിന് അനുവദിച്ച ഫണ്ടില്‍ ജില്ലാ ഭരണകൂടം ഇടപെടാറില്ലെന്ന വിശദീകരണമാണ് ജില്ലാ കലക്ടര്‍ അന്ന് നല്‍കിയത്. കൗണ്‍സിലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും പണം ചെലവഴിക്കലുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് പങ്കില്ലെന്നും വ്യക്തമാക്കി. ഈ നിലപാടിനെ തുടര്‍ന്നാണ് പൊതുഫണ്ടിന്റെ വിനിയോഗ കാര്യത്തില്‍ സര്‍ക്കാരിന് പങ്കില്ലെന്ന വിശദീകരണം അദ്ഭുതപ്പെടുത്തുന്നതായി കോടതി നിരീക്ഷിച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട അലംഭാവം വ്യക്തമാക്കുന്നതാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വിശദീകരണം. ഏത് തരത്തിലുള്ള ജോലികളാണ് നടത്തേണ്ടതെന്ന് ആലോചിക്കുന്നതിലും തീരുമാനമെടുക്കുന്നതില്‍പോലും ഈ അലംഭാവം വ്യക്തമാണ്. ഈ സാഹചര്യത്തില്‍ ഹരജിക്കാരന്‍ ഉന്നയിച്ച കാര്യങ്ങളും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നല്‍കിയ വിശദീകരണവും സര്‍ക്കാരിലെ ഉത്തരവാദിത്തപ്പെട്ടവര്‍ പരിശോധിക്കുന്നത് നല്ലതായിരിക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു. വിഷയം സംബന്ധിച്ച സമഗ്ര റിപോര്‍ട്ട് ഒരു മാസത്തിനകം സര്‍ക്കാര്‍ സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.
Next Story

RELATED STORIES

Share it