സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ; അഞ്ജു ബോബി ജോര്‍ജ് പ്രസിഡന്റ്

തിരുവനന്തപുരം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പുനസ്സംഘടിപ്പിച്ചു. അഞ്ജു ബോബി ജോര്‍ജിനെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു. ടി കെ ഇബ്രാഹിംകുട്ടിയാണ് വൈസ് പ്രസിഡന്റ്. സംസ്ഥാന സ്‌പോര്‍ട്‌സ് അസോസിയേഷനുകളുടെ തിരഞ്ഞെടുക്കപ്പെട്ട 38പേരും സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അംഗങ്ങളായിരിക്കും.
കായിക വകുപ്പ്, ധനകാര്യ എക്‌സ്‌പെന്‍ഡിച്ചര്‍ വകുപ്പ് സെക്രട്ടറിമാര്‍, കായിക വകുപ്പ് ഡയറക്ടര്‍, അര്‍ജുന അവാര്‍ഡ് ജേതാക്കളായ ടോം ജോസഫ്, പ്രീജ ശ്രീധരന്‍, ജൂഡോ അസോസിയേഷന്റെ പ്രതിനിധി കെ രാധാകൃഷ്ണന്‍, കബഡി അസോസിയേഷന്‍ പ്രതിനിധി എസ് നജ്മുദ്ദീന്‍, ബേസ്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധി ടി സി മാത്യു, മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റി ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. ബിനു ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ അംഗങ്ങളായി കൗണ്‍സിലിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡും രൂപീകരിക്കാന്‍ കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉത്തരവ് നല്‍കി. സ്‌പോര്‍ടസ് കൗണ്‍സില്‍ സെക്രട്ടറി മെം ബര്‍ സെക്രട്ടറി ആയിരിക്കും.
കേരള ഫുട്‌ബോള്‍ അസോസിയേഷനെ പ്രതിനിധീകരിച്ച് ഫിഷറീസ് മന്ത്രി കെ ബാബുവും ഫെന്‍സിങ് അസോസിയേഷനെ പ്രതിനിധീകരിച്ച് നിലവിലെ കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസും ഉള്‍പ്പെടുന്നുണ്ട്. പി ഉബൈദുല്ല, ഷാഫി പറമ്പില്‍, റോഷി അഗസ്റ്റിന്‍ എന്നിവരെ എംഎല്‍എ മാരുടെ പ്രതിനിധികളായി നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. കൊച്ചി കോര്‍പറേഷന്‍ മേയര്‍ സൗമിനി ജെയിനിനെ മേയര്‍മാരുടെ പ്രതിനിധിയായും കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജോസിനെ മുനിസിപ്പല്‍ ചെയര്‍മാന്‍മാരുടെ പ്രതിനിധിയായും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റമാരുടെ പ്രതിനിധിയായും പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എസ് ദിലീപ് കുമാറിനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെ പ്രതിനിധിയായും ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ സനില്‍കുമാറിനെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരുടെ പ്രതിനിധിയായും നാമനിര്‍ദേശം ചെയ്തു.
കണ്ണൂര്‍, കോഴിക്കോട്, കൊച്ചി (കുസാറ്റ്), മഹാത്മാഗാന്ധി സര്‍വകലാശാലകളിലെ ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍മാരെ കൂടാതെ ദ്രോണാചാര്യ അവാര്‍ഡ് ജേതാവായ പ്രഫ. സണ്ണി തോമസ്, എം സുന്ദരേശന്‍ പിള്ള എന്നിവരും അര്‍ജുന അവാര്‍ഡ് ജേതാക്കളായ ടോം ജോസഫ്, പി ആര്‍ ശ്രീജേഷ്, പ്രീജ ശ്രീധരന്‍, കെ എം ബീനാമോള്‍ എന്നിവരും കൗണ്‍സിലിലെ അംഗങ്ങളായിരിക്കും. കായിക വകുപ്പ്, ധനകാര്യ എക്‌സ്‌പെന്‍ഡിച്ചര്‍ വിഭാഗം സെക്രട്ടറിമാര്‍, സംസ്ഥാന പോലിസ് മേധാവി, പൊതുവിദ്യാഭ്യാസം, കോളജ് വിദ്യാഭ്യാസം, ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം, ആരോഗ്യം എന്നീ വകുപ്പുകളുടെ ഡയറക്ടര്‍മാര്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ എന്നിവര്‍ കൗണ്‍സിലിന്റെ എക്‌സ് ഒഫിഷ്യോ അംഗങ്ങളാണ്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ കോടതി വിധിക്ക് വിധേയമായി പുനസ്സംഘടിപ്പിക്കുന്നതാണെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it