Editorial

സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നടക്കുന്നത് കുതിരകളി?

കേരളത്തിന്റെ പുതിയ കായികമന്ത്രി ഇ പി ജയരാജന്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും ലോക അത്‌ലറ്റിക്‌സ് മെഡല്‍ജേത്രിയുമായ ഒളിംപ്യന്‍ അഞ്ജു ബോബിജോര്‍ജിനോട് അപമര്യാദയായി പെരുമാറി എന്ന ആരോപണത്തില്‍ തുടങ്ങിയ വിവാദങ്ങള്‍ വെട്ടും മറുവെട്ടുമായി ഇപ്പോഴും തുടരുകയാണ്. മന്ത്രിയെ കാണാന്‍ അദ്ദേഹത്തിന്റെ ഓഫിസിലെത്തിയ തന്നെ മന്ത്രി അകാരണമായി അധിക്ഷേപിച്ചുവെന്നാണ് അഞ്ജു ആരോപിക്കുന്നത്. സര്‍ക്കാരിനെതിരേ പ്രയോഗിക്കാന്‍ ഒരായുധം തിരയുന്നതിനിടയില്‍ വീണുകിട്ടിയ വിവാദത്തില്‍ മുറുകെ പിടിച്ച് കോണ്‍ഗ്രസ് നേതൃത്വം സജീവമായി രംഗത്തുണ്ട്. ആരോപണങ്ങള്‍ അപ്പടി നിഷേധിച്ച് രംഗത്തെത്തിയ മന്ത്രിക്കൊപ്പം മുഖ്യമന്ത്രി അടക്കമുള്ള ഭരണപക്ഷവും നിലയുറപ്പിച്ചിരിക്കുന്നു. ഈ വിവാദത്തിലെ രാഷ്ട്രീയാംശങ്ങള്‍ മാറ്റിനിര്‍ത്തിയാലും പുറത്തുവരുന്ന വസ്തുതകള്‍ പലതും ഗൗരവപ്പെട്ടതും ജനങ്ങളുടെ സജീവശ്രദ്ധ ആവശ്യപ്പെടുന്നതുമാണ്.
ഈ വിവാദമുയര്‍ത്തുന്ന ചില കാര്യങ്ങള്‍ ചര്‍ച്ചചെയ്യേണ്ടതുണ്ട്. ജനങ്ങളുടെ നികുതിപ്പണം ചെലവഴിച്ച് സ്ഥാപിക്കപ്പെടുന്ന പല സ്ഥാപനങ്ങളും എന്തിനാണെന്നും അവയില്‍ എന്താണു നടക്കുന്നതെന്നുമുള്ള വലിയ ചോദ്യമാണ് ഈ വിവാദം ഉയര്‍ത്തുന്നത്. ജനങ്ങള്‍ നിരാകരിച്ച രാഷ്ട്രീയ ഭാഗ്യാന്വേഷികളെ കുടിയിരുത്താനുള്ള രാഷ്ട്രീയ പുനരധിവാസപദ്ധതിയുടെ ഭാഗമാണ് സര്‍ക്കാരിനു കീഴിലെ ഫണ്ട് വിഴുങ്ങികളായ പല കോര്‍പറേഷനുകളും കൗണ്‍സിലുകളും എന്ന ആക്ഷേപം നേരത്തേ തന്നെ നിലവിലുണ്ട്. അതുപോലെ ഒരു വെള്ളാനയാണ് സംസ്ഥാനത്തെ കായികതാരങ്ങളെ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ട സ്‌പോര്‍ട്‌സ് കൗണ്‍സിലും എന്നു കരുതാനാണു ന്യായം.
2015 നവംബര്‍ 27നു സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി അഞ്ജു ബോബിജോര്‍ജ് സ്ഥാനമേറ്റശേഷം കൗണ്‍സിലിനു കീഴില്‍ പുതുതായി ഒരു പദ്ധതിയും നടപ്പാക്കപ്പെട്ടിട്ടില്ലത്രെ. കൗണ്‍സില്‍ പ്രസിഡന്റ്സ്ഥാനം ഒരു മുഴുസമയ പ്രവര്‍ത്തനമായിരിക്കെ ബംഗളൂരുവില്‍ സ്ഥിരതാമസക്കാരിയായ അവര്‍ മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം സര്‍ക്കാര്‍ ചെലവില്‍ കേരളത്തില്‍ വന്നുപോവുന്നതിനെ എങ്ങനെ ന്യായീകരിക്കും? അതിനു പുറമേയാണ് സ്വന്തം സഹോദരന് ചട്ടങ്ങള്‍ മറികടന്നുകൊണ്ട് കൗണ്‍സിലില്‍ നിയമനം നല്‍കി എന്ന ആരോപണം. കൗണ്‍സിലിന്റെ പൂര്‍വകാലം അഴിമതിയില്‍ മുങ്ങിയതായിരുന്നുവെന്ന് ഇപ്പോള്‍ ആരോപിക്കുന്ന കൗണ്‍സില്‍ പ്രസിഡന്റ് അക്കാര്യം മുന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താതിരുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കുന്നില്ല.
കാര്യങ്ങളുടെ നിജസ്ഥിതി ജനങ്ങള്‍ക്കു മുമ്പില്‍ വെളിപ്പെടുത്തുന്നതിനു പകരം ഒരു കുമ്പസാരത്തിന്റെ സ്വരത്തിലാണ് ഇപ്പോള്‍ മന്ത്രിയും സംസാരിക്കുന്നത്. കൗണ്‍സിലിലെ കള്ളക്കളികള്‍ മുഴുവനും അറിയുന്ന ഇടതുമുന്നണി മുമ്പ് ഇവയൊന്നും വിവാദമാക്കാതിരുന്നത് എന്തുകൊണ്ടാണ്? മുന്നണികള്‍ ഏതായാലും അവയെയെല്ലാം വരുതിയിലാക്കാനാവുന്ന അദൃശ്യകരങ്ങളുടെ ദാക്ഷിണ്യത്തിലാണ് കേരളത്തിന്റെ ഭരണകാര്യങ്ങള്‍ എന്നാവുമോ ഈ കുമ്പസാരത്തിന്റെ അര്‍ഥം?
Next Story

RELATED STORIES

Share it