Flash News

സ്‌പോര്‍ട്‌സ് ക്വാട്ട മുഖേനയുള്ള ജോലി ഇനി മുതല്‍ പിഎസ്‌സി വഴി



കൊച്ചി: കായികതാരങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് ക്വാട്ട മുഖേന ജോലി നല്‍കുന്നത് ഇനി മുതല്‍ പിഎസ്‌സി വഴിയായിരിക്കുമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ടി പി ദാസന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ ധാരണയിലെത്തിയിട്ടുണ്ട്. പിഎസ്‌സിയുടെ നിയമനത്തില്‍ ഒരു ശതമാനം സ്‌പോര്‍ട്‌സ് ക്വാട്ടയ്ക്കായി നീക്കിവയ്ക്കാനാണു തീരുമാനിച്ചിരിക്കുന്നത്്. ഇതിനുള്ള നടപടിക്രമങ്ങള്‍ പിഎസ്‌സി ആരംഭിച്ചുകഴിഞ്ഞു. ഇതുപ്രകാരം ഒരുവര്‍ഷം ചുരുങ്ങിയത് 150 കായികതാരങ്ങള്‍ക്ക് ജോലി ലഭിക്കുമെന്നും ടി പി ദാസന്‍ പറഞ്ഞു. നിലവില്‍ സ്‌പോര്‍ട്‌സ് ക്വാട്ട വഴി ജോലി നല്‍കുന്നത് കൃത്യമായി നടക്കുന്നില്ല. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിപാര്‍ട്ട്‌മെന്റാണ് ഇതിന്റെ പട്ടിക തയ്യാറാക്കി നടപടികള്‍ സ്വീകരിക്കേണ്ടത്. എന്നാല്‍, ഇവര്‍ക്ക് ഇതു കൃത്യമായി ചെയ്യാന്‍ കഴിയാറില്ല. ഇതുമൂലം കായികതാരങ്ങള്‍ വലിയ ബുദ്ധിമുട്ടാണു നേരിടുന്നത്. ഈ സാഹചര്യം പരിഗണിച്ചാണ് നിയമനം പിഎസ്‌സി വഴിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും പിഎസ്‌സി വഴിയാവുമ്പോള്‍ എല്ലാ വര്‍ഷവും നിയമനം നടക്കുമെന്നും ടി പി ദാസന്‍ പറഞ്ഞു. അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ഫുട്‌ബോളിനായി പ്രത്യേക പരിശീലനപദ്ധതി നടപ്പാക്കുമെന്നും ടി പി ദാസന്‍ പറഞ്ഞു. ഏതു തരത്തിലുള്ള പരിശീലനമാണു നല്‍കേണ്ടതെന്നതു സംബന്ധിച്ച് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനുമായി ആലോചിച്ചു തീരുമാനിക്കും. ഇതിനു ശേഷമായിരിക്കും പദ്ധതി നടപ്പാക്കുക. ഓപറേഷന്‍ ഒളിംപ്യയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 11 കായിക ഇനങ്ങളുടെ പരിശീലനം ഏപ്രില്‍ മുതല്‍ ആരംഭിക്കും. ഇന്ത്യക്ക് പുറത്തുനിന്നുള്ള പരിശീലകരും പദ്ധതിയുടെ ഭാഗമായി ഉണ്ടായിരിക്കും. 250 കായികതാരങ്ങളെയാണ് പദ്ധതിയുടെ ഭാഗമായി എടുക്കുന്നത്. ഇവരുടെ ചെലവ് സര്‍ക്കാര്‍ വഹിക്കും. ഒളിംപിക്‌സ്, ഏഷ്യ ന്‍, കോമണ്‍വെല്‍ത്ത് ചാംപ്യ ന്‍ഷിപ്പുകളില്‍ മെഡല്‍സാധ്യതയുള്ള ഇനങ്ങളാണ് പ്രധാനമായും പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയെന്നും ടി പി ദാസന്‍ പറഞ്ഞു. ഇതിനൊപ്പം കായികക്ഷമത മിഷന്‍ പദ്ധതിയും ആരംഭിക്കുകയാണ്. ഇതിനായി കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമുണ്ട്. എന്നിരുന്നാലും നവംബര്‍ മുതല്‍ പദ്ധതി ആരംഭിക്കാനാണു ലക്ഷ്യമിടുന്നത്. നഴ്‌സറി തലം മുതല്‍ മുതിര്‍ന്ന പൗരന്മാര്‍വരെയുള്ളവരെ ലക്ഷ്യംവച്ചുള്ളതാണു പദ്ധതി. കേരളത്തിന്റെ കായികമേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത്. ഇതിനായി 800 കോടി രൂപയാണ് കഴിഞ്ഞ ബജറ്റില്‍ മാറ്റിവച്ചത്. അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it