സ്‌പോണ്‍സര്‍മാരുടെ ക്രൂര മര്‍ദ്ദനം; മലയാളികള്‍ തിരിച്ചെത്തി

ആലപ്പുഴ: സൗദി അറേബ്യയില്‍ സ്‌പോണ്‍സര്‍മാരുടെ ക്രൂര മര്‍ദ്ദനത്തിനിരയായ മലയാളികള്‍ നാട്ടില്‍ തിരിച്ചെത്തി. ഹരിപ്പാട് സ്വദേശികളായ കാര്‍ത്തികപ്പള്ളി ബൈജു ഭവനത്തില്‍ ബൈജു (36), മുട്ടംമാല മേല്‍ക്കോട് അഞ്ചു ഭവനത്തില്‍ അഭിലാഷ് (21), മുട്ടം കണിപ്പനല്ലൂര്‍ പുത്തന്‍വീട്ടില്‍ ബിമല്‍ കുമാര്‍ (30) എന്നിവരാണ് കഴിഞ്ഞദിവസം തിരികെയെത്തിയത്.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടത്തിയ ശ്രമങ്ങളുടെ ഫലമായി എംബസിയും ജിദ്ദ കോണ്‍സുലേറ്റും ഇടപെട്ടതോടെ യുവാക്കളുടെ മോചനം ഉറപ്പാവുകയായിരുന്നു. ഒരു മാസത്തിലധികമായി സൗദിയിലെ അബഹയില്‍ ആഹാരവും വെള്ളവും ലഭിക്കാതെ നരകയാതനയില്‍ കഴിയുകയായിരുന്നു യുവാക്കള്‍. ഇവര്‍ നേരിട്ട മര്‍ദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പമ്പ് ഓപറേറ്റര്‍ തസ്തികയിലേക്ക് ജോലി നല്‍കാമെന്ന് പറഞ്ഞ് നവംബര്‍ ഏഴിനാണ് ബൈജുവിനെ സൗദിയിലേക്ക് കൊണ്ടുപോയത്. ഒമ്പതാം തിയ്യതി ബൈജു വീട്ടിലേക്ക് ഫോണ്‍ ചെയ്ത്, ചതിയില്‍ അകപ്പെടുകയായിരുന്നുവെന്നും എത്രയും പെട്ടെന്ന് ഇവിടെനിന്നു രക്ഷപ്പെടുത്താനുളള മാര്‍ഗം ചെയ്യണമെന്ന് ബന്ധുക്കളോട് ആവശ്യപ്പെട്ടു. ചിങ്ങോലി സ്വദേശിയായ ഷംനാസ്, കായംകുളം സ്വദേശി ഷാബുമോന്‍, തൃക്കുന്നപ്പുഴ പോലിസ് സ്റ്റേഷനിലെ പോലിസുകാരന്‍ വിനോദ് കുമാര്‍ കെ എന്‍ എന്നിവര്‍ ചേര്‍ന്നാണ് ജോലി വാഗ്ദാനം നല്‍കി യുവാക്കളെ സൗദിയില്‍ എത്തിച്ചത്. ഹരിപ്പാട്ടെ ഒരു പ്രമുഖ ട്രാവല്‍ ഏജന്‍സിയും തട്ടിപ്പിന് കൂട്ടുനിന്നതായി യുവാക്കള്‍ പറയുന്നു.
യുവാക്കളെ നാട്ടില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ആഴ്ചകള്‍ക്കു മുമ്പ് മാതാപിതാക്കള്‍ ഹരിപ്പാട്, കായംകുളം, സിഐമാര്‍ക്ക് പരാതി നല്‍കിയിരുന്നു. തട്ടിപ്പില്‍ പോലിസുകാരനും ഉള്‍പ്പെട്ടതിനാല്‍ പോലിസിന്റെ സമ്മര്‍ദ്ദത്തില്‍ സംഭവം പുറംലോകം അറിയാതിരിക്കുകയായിരുന്നു. തട്ടിപ്പിന്റെ മുഖ്യ കണ്ണികളായ ഷംനാസിന്റെയും ഷാബുമോന്റെയും വീടുകളില്‍ പോലിസ് തിരച്ചില്‍ നടത്തി.
Next Story

RELATED STORIES

Share it