സ്‌പെഷ്യല്‍ സ്‌കൂളിന് എയ്ഡഡ് പദവി: ഹൈക്കോടതിയില്‍ ഹരജി

കൊച്ചി: മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ പഠിക്കുന്ന സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കിയ ഉത്തരവ് ചോദ്യംചെയ്ത് ഹൈക്കോടതിയില്‍ ഹരജി. വേണ്ടത്ര പഠനം നടത്താതെയാണ് സര്‍ക്കാര്‍ ഉത്തരവെന്ന് ആരോപിച്ചാണ് സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മാതാപിതാക്കളുടെ സംഘടന ഹരജി നല്‍കിയിരിക്കുന്നത്.
മാനസിക വെല്ലുവിളി നേരിടുന്ന വൈകല്യമുളള 100ല്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നതിനുളള മാനദണ്ഡങ്ങളില്‍ ആദ്യം സര്‍ക്കാര്‍ ഭേദഗതി വരുത്തി. പിന്നീട് 50 വിദ്യാര്‍ഥികളില്‍ കൂടുതലുള്ള സ്‌കൂകള്‍ക്കും എയ്ഡഡ് പദവി നല്‍കി. ഇതനുസരിച്ച് സ്‌പെഷ്യല്‍ സ്‌കൂളിലെ അധ്യാപക- അനധ്യാപക നിയമനങ്ങള്‍ പിഎസ്‌സി/നോട്ടിഫിക്കേഷന്‍ മുഖേന ആയിരിക്കും എന്നതിന് പകരം സെലക് ഷന്‍ കമ്മിറ്റി മുഖേന എന്നാക്കി ഭേദഗതി വരുത്തി.
കേന്ദ്ര സര്‍ക്കാരിന്റെ മാനവവിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷന്‍ പറയുന്നത് ഇത്തരം കുട്ടികളെ സാധാരണ സ്‌കൂളില്‍ ചേര്‍ത്തു പഠിപ്പിക്കണം എന്നാണ്. സാധാരണ കുട്ടികളോട് ചേര്‍ന്നു കളിച്ച് പഠിക്കേണ്ട ഈ വിദ്യാര്‍ഥികളെ മാറ്റിനിര്‍ത്തുന്നതാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇത് ചോദ്യം ചെയ്ത് ലോകായുക്തയില്‍ ഹരജി നല്‍കിയിരുന്നു. ലോകായുക്ത എഡിജിപി ബി സന്ധ്യയെ ഇതേക്കുറിച്ച് പഠനം നടത്താന്‍ നിയോഗിച്ചു. ഈ പഠനറിപോര്‍ട്ട് പരിഗണിക്കാതെയും ലോകായുക്തയില്‍ പരാതി നിലനില്‍ക്കെയുമാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയതെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി.
Next Story

RELATED STORIES

Share it