സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്: കൂടുതല്‍ വിഭാഗങ്ങളെ പരിഗണിക്കും

തിരുവനന്തപുരം: പട്ടികവര്‍ഗത്തിലെ കൂടുതല്‍ വിഭാഗങ്ങളെ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റിന് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി വിശദമായ മാര്‍ഗരേഖ പിഎസ്‌സിയുടെ ഉപദേശത്തോടെ തയ്യാറാക്കും. മെയ് മാസത്തിനു മുമ്പായി മാര്‍ഗരേഖ തയ്യാറാക്കി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പിഎസ്‌സിയോട് അഭ്യര്‍ഥിക്കും. പട്ടികവര്‍ഗക്കാര്‍ക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് ചട്ടം 300 പ്രകാരം നിയമസഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം.
പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസിലുള്ള പ്രാതിനിധ്യക്കുറവ് നിര്‍ണയിക്കുന്നതിനു പട്ടികജാതി വര്‍ഗ വികസന വകുപ്പിനെ ചുമതലപ്പെടുത്തി.  പ്രത്യേക ദുര്‍ബല വിഭാഗങ്ങളെയും  നിയമനത്തിന് മുന്‍ഗണന ലഭിക്കാന്‍ അര്‍ഹതയുള്ള മറ്റ് വിഭാഗങ്ങളെയും കണ്ടെത്തുന്നതിനും വകുപ്പിന് ചുമതലനല്‍കി. പട്ടികവര്‍ഗ മേഖലകളില്‍ പിഎസ്‌സി വഴി നിയമനം നടക്കുന്നതുവരെ  ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നല്‍കാന്‍ മാര്‍ച്ച് രണ്ടിന് അട്ടപ്പാടിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ ഒഴിവുള്ള തസ്തികകളില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അവരുടെ യോഗ്യതയ്ക്കനുസരിച്ചാവും താല്‍ക്കാലിക നിയമനം.
2011 സെന്‍സസ് പ്രകാരം കേരളത്തിലെ പട്ടികവര്‍ഗ ജനസംഖ്യ 4,84,839 ആണ്. ആകെ സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം 4,98,603ഉം. രണ്ട് ശതമാനമെന്ന നിരക്കില്‍ അര്‍ഹമായ പട്ടികവര്‍ഗ പ്രാതിനിധ്യം 9,972 ആണ്. എന്നാല്‍, നിലവില്‍ സര്‍ക്കാര്‍ സര്‍വീസിലുള്ള പട്ടികവര്‍ഗ പ്രാതിനിധ്യത്തില്‍ വന്‍തോതിലുള്ള കുറവുണ്ടെന്നാണ് കാണുന്നത്. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരെ മുഖ്യധാരയിലേക്ക് എത്തിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അതിലൂടെ മാത്രമേ സാമൂഹികനീതി ഉറപ്പുവരുത്താന്‍  കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുന്‍ കാലങ്ങളില്‍ വനം വകുപ്പില്‍ ട്രൈബല്‍ വാച്ചര്‍മാരായി പട്ടികവിഭാഗത്തില്‍പ്പെട്ടവര്‍ക്കായി പിഎസ്‌സി വഴി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തിയിട്ടുണ്ട്. പോലിസ് വകുപ്പില്‍ 75 പേര്‍ക്കുള്ള സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് പിഎസ്‌സിയില്‍ അന്തിമഘട്ടത്തിലാണ്. എക്‌സൈസില്‍ വയനാട്, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, പാലക്കാട് ജില്ലയിലെ അട്ടപ്പാടി എന്നിവിടങ്ങളിലെ പ്രത്യേക ദുര്‍ബല വിഭാഗത്തില്‍ പ്പെടുന്ന പണിയ, അടിയാന്‍, കാട്ടുനായ്ക്കര്‍ എന്നീ വിഭാഗങ്ങള്‍ക്കായി സിവില്‍ എക്‌സൈസ് ഓഫിസര്‍ തസ്തികയില്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി നിയമനം നടത്താനുള്ള നടപടി പിഎസ്‌സിയില്‍ പൂര്‍ത്തിയായി വരുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it