Kottayam Local

സ്‌പെഷ്യല്‍ ക്ലാസ് ഒഴിവാക്കി കടല്‍ കാണാന്‍ പോയത് ദുരന്തത്തിലേയ്ക്ക്

മണ്ണഞ്ചേരി: സ്‌പെഷ്യല്‍ ക്ലാസ് ഒഴിവാക്കി സുഹൃത്തുക്കള്‍ കടലുകാണാന്‍ എത്തിയത് മരണത്തിലേയ്ക്കുള്ള യാത്രയായി.കോട്ടയം അതിരമ്പുഴ മന്നാംകുളത്തില്‍ കെവിന്‍ ബാബു(17),കല്ലറ പെരുന്തുരുത്ത് വാരണത്ത് വീട്ടില്‍ മയൂണ്‍ ബി മാത്യു(18)എന്നിവരാണ് മാരാരിക്കുളം ബീച്ചില്‍ മുങ്ങിമരിച്ചത്.ആര്‍പ്പുക്കര വില്ലൂന്നി തേക്കാനംവീട്ടില്‍ അലന്‍ ടി സ്‌കറിയ(17),അതിരമ്പുഴ തെക്കേക്കരവീട്ടില്‍അശ്വിന്‍ജോര്‍ജ്(17)എന്നിവരാണ് മരണച്ചുഴിയില്‍ നിന്നും രക്ഷപെട്ടത്.
ഇവര്‍ നാലുപേരും മാന്നാനം സെന്റ് എഫ്രോംസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു സയന്‍സ് ബാച്ചിലെ വിദ്യാര്‍ഥികളാണ്. സ്‌പെഷ്യല്‍ ക്ലാസിന് പോകുന്നുവെന്ന് പറഞ്ഞാണ് ഇവര്‍ നാലുപേരും വീട്ടില്‍ നിന്നും രണ്ടുബൈക്കുകളിലായി പുറപ്പെട്ടത്. മാരാരി ബീച്ച് റിസോര്‍ട്ടിന് പുറകില്‍ ആളൊഴിഞ്ഞ സ്ഥലത്ത് കുളിക്കാനിറങ്ങിയ ഇവര്‍ ചുഴിയില്‍പെടുകയായിരുന്നു. ഇവരില്‍ അലന്‍ ടി സ്‌കറിയ,അശ്വിന്‍ജോര്‍ജ് എന്നിവര്‍ കരയിലേയ്ക്ക് കയറിയതിനാല്‍ മരണത്തില്‍ നിന്നും രക്ഷപെട്ടു. മറ്റുരണ്ടുപേരും കയത്തിലേയ്ക്ക് താഴുകയായിരുന്നു.ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.
കോട്ടയം ഗവ. ഐടിഐ അധ്യാപകന്‍ എം സി ബാബുവിന്റെ യും കല്ലറ സെന്റ് സേവ്യേഴ്‌സ് സ്‌കൂള്‍ അധ്യാപിക ആന്‍സിയുടെയും മകനാണ് കെവിന്‍ ബാബു.മയൂണ്‍ ബി മാത്യുവിന്റെ പിതാവ് ബിജു ഖത്തറിലാണ്. കെവിനും അലനും കഴിഞ്ഞ വര്‍ഷവും മാരാരി ബീച്ചിലെത്തിയിരുന്നു. ഇവരുടെ നിര്‍ദേശ പ്രകാരമാണ് മറ്റുള്ളവരും ഇവിടെ വന്നത്. ഇവര്‍ നാലുപേര്‍ക്കും നീന്തലറിയില്ല. വിവിധ സ്ഥലങ്ങളിലുള്ള സ്‌കൂള്‍- കോളജ് വിദ്യാര്‍ഥികള്‍ ഈ ബീച്ചില്‍ കുളിക്കാനും കടല്‍ കാണാനും എത്തുന്നത് പതിവാണ്. ഇവിടെ കുളിക്കുന്നത് പ്രദേശ വാസികളും ലൈഫ്ഗാര്‍ഡുകളും തടയാറുണ്ടെങ്കിലും മുന്നറിയിപ്പ് അവഗണിച്ച് പലരും കടലിലിറങ്ങുന്നത് അപകടത്തിന് വഴിവക്കാറുണ്ട്.
Next Story

RELATED STORIES

Share it