സ്‌പെഷ്യല്‍ ഓഫിസര്‍ ഇടക്കാല റിപോര്‍ട്ട് സമര്‍പ്പിച്ചു; വയോജനങ്ങള്‍ക്കായി റഗുലേറ്ററി ബോര്‍ഡ് രൂപീകരിച്ചേക്കും

തിരുവനന്തപുരം: വയോജന നയം നടപ്പാക്കുന്നതു സംബന്ധിച്ച് പഠനം നടത്തിയ സ്‌പെഷ്യല്‍ ഓഫിസര്‍ ഇടക്കാല റിപോര്‍ട്ട് സമര്‍പ്പിച്ചു. മുന്‍ അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ വി കെ ബീരാനാണ് സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കിയത്. വയോജനങ്ങളുടെ അവകാശ സംരക്ഷണത്തിനായി റഗുലേറ്ററി ബോര്‍ഡ് രൂപീകരിക്കണമെന്നതാണ് പ്രധാന നിര്‍ദേശം. ബോര്‍ഡ് രൂപീകരണം ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് റിപോര്‍ട്ട് ഏറ്റുവാങ്ങിയശേഷം മന്ത്രി എം കെ മുനീര്‍ പറഞ്ഞു.
സുപ്രിംകോടതിയിലെയോ ഹൈക്കോടതിയിലെയോ മുതിര്‍ന്ന അഭിഭാഷകന്‍ ചെയര്‍പേഴ്‌സനായ സംസ്ഥാന റഗുലേറ്ററി ബോര്‍ഡില്‍ ജില്ലാ ജഡ്ജിയും അഭിഭാഷകമേഖലയില്‍ കുറഞ്ഞത് 10 വര്‍ഷത്തെ പരിചയമുള്ള രണ്ടുപേരും അംഗങ്ങളായിരിക്കും.
സംസ്ഥാന റഗുലേറ്ററി ബോര്‍ഡിന്റെ മാതൃകയില്‍ ജില്ലാ തലത്തിലും റഗുലേറ്ററി ബോര്‍ഡ് രൂപീകരിക്കണം. ജില്ലാ റഗുലേറ്ററി ബോര്‍ഡിന്റെ ചെയര്‍പേഴ്‌സന്‍ ജില്ലാ ജഡ്ജിയോ അഭിഭാഷകമേഖലയില്‍ കുറഞ്ഞത് 10 വര്‍ഷത്തെ പരിചയമുള്ള വ്യക്തിയോ ആയിരിക്കണം. നിയമം അറിയാവുന്ന, മുതിര്‍ന്നവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയെ പ്രതിനിധീകരിക്കുന്ന വ്യക്തിയും സാമൂഹികനീതി വകുപ്പിലെ ജില്ലാതല ഉദ്യോഗസ്ഥനും ഇതില്‍ അംഗങ്ങളായിരിക്കും. വയോജന സംരക്ഷണത്തിനായി 2007ല്‍ പാസാക്കിയ നിയമങ്ങള്‍ നടപ്പില്‍ വരുത്തുന്നതില്‍ ഉദ്യോഗസ്ഥര്‍ ഗുരുതരമായ വീഴ്ചവരുത്തുന്നതായി റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
വയോജനങ്ങള്‍ക്ക് നീതിനിഷേധമുണ്ടായാല്‍ ട്രൈബ്യൂണലില്‍ പരാതി നല്‍കാനും അതു സമയബന്ധിതമായി പരിഹരിക്കാനും നിയമം അനുശാസിക്കുന്നുണ്ട്. എന്നാല്‍, ട്രൈബ്യൂണലുകളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്ന അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തില്‍ ട്രൈബ്യൂണലുകളുടെ ചുമതല ആര്‍ഡിഒമാരില്‍നിന്നു മാറ്റി ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്കു നല്‍കണമെന്ന് റിപോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. ട്രൈബ്യൂണലുകള്‍ക്ക് സ്വമേധയാ നടപടി സ്വീകരിക്കാന്‍ അധികാരം നല്‍കണം. ട്രൈബ്യൂണലില്‍ ഹാജരാവാന്‍ ചുമതലപ്പെട്ട സാമൂഹികനീതി വകുപ്പ് ഉദ്യോഗസ്ഥരെ ട്രൈബ്യൂണലുകളെ സഹായിക്കാന്‍ ചുമതലപ്പെടുത്തണമെന്നും റിപോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
Next Story

RELATED STORIES

Share it