സ്‌പെയിനില്‍ കേരള ടൂറിസം പവലിയന് പുരസ്‌കാരം; അഭിമാന നേട്ടമെന്ന് മന്ത്രി

തിരുവനന്തപുരം: സ്‌പെയിനില്‍ നടന്ന ലോകത്തെ രണ്ടാമത്തെ വലിയ ട്രാവല്‍ ടൂറിസം മേളയായ ഫിറ്റിയൂര്‍ പ്രദര്‍ശനത്തില്‍ കേരളത്തിനു പുരസ്‌കാരം. മെക്‌സിക്കോ, ജപ്പാന്‍, നേപ്പാള്‍ എന്നിവയോടൊപ്പം ടൂറിസ്റ്റ് ലക്ഷ്യകേന്ദ്രം വിഭാഗത്തിലാണ് ടൂറിസം വകുപ്പ് പുരസ്‌കാരം സ്വന്തമാക്കിയത്. 165 രാജ്യങ്ങളില്‍നിന്നായി 9500 കമ്പനികള്‍ പങ്കെടുത്ത പ്രദര്‍ശനത്തില്‍ ചുണ്ടന്‍ വള്ളംകളി മല്‍സരത്തെ പ്രമേയമാക്കി ഒരുക്കിയ കേരള പവിലിയന്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചു.
ജനുവരി 20 മുതല്‍ 24 വരെയാണ് ലോകശ്രദ്ധ പിടിച്ചുപറ്റിയ ഫിറ്റിയൂര്‍ പ്രദര്‍ശനത്തിന്റെ 36ാമത് പതിപ്പു നടന്നത്. രണ്ട് ചുണ്ടന്‍വള്ളങ്ങളുടെ മാതൃകകൊണ്ട് അലങ്കരിച്ച കേരളത്തിന്റെ പവിലിയന്‍ സന്ദര്‍ശക ബാഹുല്യംകൊണ്ട് ശ്രദ്ധേയമായിരുന്നു. കേരള ടൂറിസത്തിന്റെ പവിലിയനു പുരസ്‌കാരം ലഭിച്ചത് സംസ്ഥാനത്തിനു വലിയ ബഹുമതിയാണെന്ന് ഫിറ്റിയൂറില്‍ കേരളസംഘത്തെ നയിച്ച മന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞു. കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരികപാരമ്പര്യത്തിന്റെ ശക്തിയാണ് പുരസ്‌കാരം വ്യക്തമാക്കുന്നത്. ഇത് കേരളീയര്‍ക്കാകെ അഭിമാനദായകമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ലോകത്തെ രണ്ടാമത്തെ പ്രധാന ട്രാവല്‍, ടൂറിസം വ്യവസായ മേളയില്‍നിന്നു ലഭിച്ച പുരസ്‌കാരം പ്രാധാന്യമേറിയ അന്താരാഷ്ട്ര അംഗീകാരമാണെന്ന് കേരള ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ജി കമലവര്‍ധന റാവു പറഞ്ഞു.
സംസ്ഥാനത്തിന്റെ ടൂറിസം മേഖലയില്‍ ഉയരങ്ങള്‍ താണ്ടാന്‍ പുരസ്‌കാരം പ്രചോദനമാവുമെന്ന് ടൂറിസം ഡയറക്ടര്‍ പി ഐ ഷേക്ക് പരീത് അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it