Flash News

സ്‌പെയിനിന്റെ നടപടി അംഗീകരിക്കില്ലെന്ന് കാറ്റലോണിയ സ്വാതന്ത്ര്യ അനുകൂലികള്‍ ; കേന്ദ്രഭരണത്തിനെതിരേ പ്രതിഷേധം



ബാഴ്‌സിലോന: കാറ്റലോണിയയില്‍ കേന്ദ്രഭരണം നടപ്പാക്കിയ സ്പാനിഷ് സര്‍ക്കാര്‍ നടപടിക്കെതിരേ സമാധാനപരമായി പ്രതിഷേധിക്കണമെന്ന് പുറത്താക്കപ്പെട്ട കാറ്റലന്‍ പ്രസിഡന്റ് കാര്‍ലെസ് പ്യുഗ്ഡിമോണ്ട്. സ്വതന്ത്ര രാഷ്ട്രത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടരാനും പ്യുഗ്ഡിമോണ്ട് ആഹ്വാനം നല്‍കി. കാറ്റലോണിയ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ തുടര്‍ന്നാണു മേഖലയുടെ സ്വയംഭരണം റദ്ദാക്കിയാണ് സ്‌പെയിന്‍ കേന്ദ്രഭരണം പ്രഖ്യാപിച്ചത്. കാറ്റലന്‍ പ്രസിഡന്റിനെയും സര്‍ക്കാരിനെയും സ്‌പെയിന്‍ പിരിച്ചുവിടുകയും ചെയ്തിരുന്നു. മാഡ്രിഡിലെ കേന്ദ്രസര്‍ക്കാരിന്റെ ഭരണം അംഗീകരിക്കുന്നില്ലെന്നും അവരുമായി സഹകരിക്കില്ലെന്നും കാറ്റലോണിയ സ്വാതന്ത്ര്യ അനുകൂലികള്‍ പ്രഖ്യാപിച്ചു. വെള്ളിയാഴ്ചയാണു കാറ്റലോണിയ സ്‌പെയിനില്‍ നിന്നു സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. തൊട്ടുപിറകെ ഭരണഘടനയുടെ 155ാം അനുച്ഛേദ പ്രകാരം കാറ്റലോണിയയുടെ സ്വയംഭരണം റദ്ദാക്കാന്‍ സ്‌പെയിന്‍ ഉത്തരവിടുകയായിരുന്നു. ഈ വര്‍ഷം അവസാനത്തോടെ കാറ്റലോണിയയില്‍ പൊതുതിരഞ്ഞെടുപ്പു നടത്താനും സ്പാനിഷ് സര്‍ക്കാര്‍ തീരുമാനിച്ചു. കാറ്റലോണിയയില്‍ സമാധാനം പുനസ്ഥാപിക്കാനാണു നടപടികളെന്നു സ്പാനിഷ് പ്രധാനമന്ത്രി മറിയാനോ റജോയ് പറഞ്ഞു. സ്‌പെയിനില്‍ നിന്നുള്ള ഭീഷണികളും അടിച്ചമര്‍ത്തലുകളും പ്രതിരോധിക്കുമെന്നു പ്യുഗ്ഡിമോണ്ട് അറിയിച്ചു. സ്‌പെയിനില്‍ നിന്നുള്ള ഉത്തരവുകള്‍ അംഗീകരിക്കില്ലെന്ന്്് കാറ്റലോണിയയിലെ രണ്ടു ലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രഖ്യാപിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ക്കു സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കു ചുറ്റും മനുഷ്യമതില്‍ തീര്‍ക്കുമെന്നു കാറ്റലോണിയ പ്രക്ഷോഭകര്‍ അറിയിച്ചു. പുതിയ കാറ്റലോണിയന്‍ രാഷ്ട്രത്തെ പിന്തുണച്ച് 10 ദിവസത്തെ പണിമുടക്കിനു തൊഴിലാളി സംഘടനകള്‍ ആഹ്വാനം നല്‍കി. കാറ്റലോണിയ വിഷയത്തില്‍ യൂറോപ്യന്‍ യൂനിയന്റെയും മറ്റു രാജ്യങ്ങളുടെയും പിന്തുണ സ്‌പെയിനിനാണ്. രാജ്യത്തെ ഐക്യം നിലനിര്‍ത്താനുള്ള സ്‌പെയിന്‍ സര്‍ക്കാരിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതായും കാറ്റലോണിയ ആ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നും യുഎസ് പ്രതികരിച്ചു.  യൂറോപ്യന്‍ യൂനിയനെ സംബന്ധിച്ച് ഒന്നും മാറുന്നില്ലെന്നും സ്‌പെയിനിനോടു മാത്രമാണു ഞങ്ങളുടെ ബന്ധമെന്നും യൂറോപ്യന്‍ യൂനിയന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് അഭിപ്രായപ്പെട്ടു. ഐക്യ സ്‌പെയിന്‍ നിലനില്‍ക്കണമെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ അഭിപ്രായപ്പെട്ടു. കാറ്റലോണിയയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ തങ്ങള്‍ അംഗീകരിക്കുന്നില്ലെന്നു ജര്‍മനിയും ബ്രിട്ടനും പ്രതികരിച്ചു.
Next Story

RELATED STORIES

Share it