Second edit

സ്‌ട്രോ എന്ന വില്ലന്‍

പ്ലാസ്റ്റികിന്റെ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പ്ലാസ്റ്റിക് കാരിബാഗുകള്‍ക്ക് നിയന്ത്രണം വന്നത്. ഇത് ഷോപ്പിങ് മാളുകളില്‍ ഇടപാടുകാരും ജീവനക്കാരും തമ്മില്‍ സംഘര്‍ഷത്തിനു വഴിവച്ചു. 'ബാഗ്‌റേജ്' എന്നൊരു വാക്കു പോലുമുണ്ടായി ഇടപാടുകാരുടെ രോഷത്തെ സൂചിപ്പിക്കാന്‍. ഏതായാലും കേരളത്തിലടക്കം മിക്ക നഗരങ്ങളിലും പ്ലാസ്റ്റിക് ബാഗ് തിരോഭവിച്ചുതുടങ്ങി.
എന്നാല്‍, ബാഗുകള്‍ ഉണ്ടാക്കുന്നതിനേക്കാള്‍ കടുത്ത പാരിസ്ഥിതിക പ്രശ്‌നമുളവാക്കുന്നു പ്ലാസ്റ്റിക് സ്‌ട്രോകള്‍ എന്നാണ് പുതിയ തിരിച്ചറിവ്. അന്തിമമായി പ്ലാസ്റ്റിക് ബാഗുകള്‍ പോലെത്തന്നെ സ്‌ട്രോകളും എത്തിച്ചേരുന്നത് സമുദ്രങ്ങളിലാണ്. ഉപയോഗിച്ച സ്‌ട്രോകള്‍ കടലില്‍ കെട്ടിക്കിടന്നു വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇതേത്തുടര്‍ന്ന് മക്‌ഡൊണാള്‍ഡ്‌സ് പോലുള്ള വന്‍ ഭക്ഷ്യവസ്തു നിര്‍മാണ കമ്പനികള്‍ പ്ലാസ്റ്റിക് സ്‌ട്രോയുടെ നിര്‍മാണം നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. വന്‍കിട നക്ഷത്ര ഹോട്ടലുകളും ഈ മാതൃക പിന്തുടരുന്നു.
ജീര്‍ണിച്ചുപോവുന്ന വസ്തുക്കള്‍ കൊണ്ട് ഉണ്ടാക്കുന്ന സ്‌ട്രോ മതിയാവും എന്നുവച്ചിട്ടും കാര്യമില്ല പോലും. കടലാസ്, മുളന്തണ്ട് തുടങ്ങിയവ കൊണ്ടും ഫോസില്‍ ഇന്ധനം ഉപയോഗിച്ചും മറ്റുമാണ് ബദല്‍ സ്‌ട്രോകള്‍ ഉണ്ടാക്കുന്നത്. ഇങ്ങനെ ഉണ്ടാക്കുന്ന സ്‌ട്രോകളും കടലില്‍ ഉപേക്ഷിക്കപ്പെടുകയും അവയുടെ ആധിക്യം പ്ലാസ്റ്റിക് വസ്തുക്കള്‍ ഉണ്ടാക്കുന്നതുപോലെത്തന്നെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. സ്‌ട്രോ വേണ്ടെന്നുവയ്ക്കുക തന്നെയായിരിക്കും അതിനാല്‍ ഉചിതം.

Next Story

RELATED STORIES

Share it