സ്‌കൂള്‍ സമയ മാറ്റം:മദ്‌റസാ പഠനം താളംതെറ്റുമെന്ന് ആശങ്ക

സ്വന്തം പ്രതിനിധി

കാളികാവ്: സ്‌കൂള്‍ പഠനസമയത്തില്‍ മാറ്റം വരുത്താന്‍ ആലോചന. നിര്‍ദേശം നടപ്പായാല്‍ മദ്‌റസാ പഠനം താളംതെറ്റും. പുതിയ അധ്യയനവര്‍ഷം മുതല്‍ പരിഷ്‌കാരം നടപ്പാക്കാനാണ് ആലോചിക്കുന്നത്.സ്‌കൂള്‍ പഠനസമയം 10 മണി മുതല്‍ 4.30 വരെ എന്നത് 8.30 മുതല്‍ 1.30 വരെ ആക്കാനാണ് നിര്‍ദേശം. ഇതുസംബന്ധിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ വിദ്യാഭ്യാസവകുപ്പിന് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. രണ്ടു നിര്‍ദേശങ്ങളാണ് ഇപ്പോള്‍ സര്‍ക്കാരിനു മുമ്പിലുള്ളത്. ഒന്ന്, രാവിലെ 8.30നു തുടങ്ങി 1:30ന് അവസാനിക്കുന്ന ഇടവേളയില്ലാത്ത പഠനം. മറ്റൊന്ന്, ഒമ്പതു മണിക്ക് തുടങ്ങി ഒരു മണിക്കൂര്‍ ഇടവേള നല്‍കി മൂന്നുമണിക്ക് അവസാനിക്കുന്ന രീതി. ഇതില്‍ ഏതായാലും മദ്‌റസാ പഠനത്തെ കാര്യമായി ബാധിക്കും. അധ്യാപകര്‍ ഉള്‍പ്പെട്ട വിദ്യാഭ്യാസ ഗുണനിലവാര പരിപോഷണ കമ്മിറ്റിയാണ് രണ്ടു നിര്‍ദേശങ്ങളും സമര്‍പ്പിച്ചത്. ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകളെ ഒറ്റ യൂനിറ്റാക്കി പഠനസമയവും അസംബ്ലിയും മറ്റും ഒരുമിച്ചാക്കുക എന്നതാണു പ്രധാന ലക്ഷ്യം. ഇതുവഴി അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഉച്ചയ്ക്കുശേഷം കൂടുതല്‍ സമയം ലഭിക്കും എന്നതാണ് ഗുണമായി കാണുന്നത്. നിലവില്‍ ഹയര്‍ സെക്കന്‍ഡറി ഒമ്പതു മണിക്കും മറ്റു ക്ലാസുകള്‍ 10 മണിക്കുമാണ് തുടങ്ങുന്നത്. ഇത് കാലങ്ങളായുള്ള രീതിയാണ്. ഒരേ സ്‌കൂളില്‍ രണ്ടുതരം സമയക്രമീകരണവും ലോങ് ബെല്ലും അസംബ്ലിയും അശാസ്ത്രീയമാണ് എന്നാണ് മറ്റൊരു വാദം. ഇപ്പോള്‍ തന്നെ സിബിഎസ്ഇ സിലബസ് പഠിക്കുന്ന പല കുട്ടികള്‍ക്കും മതപഠനം ലഭിക്കാതിരിക്കുകയോ ഭാഗികമായി ലഭിക്കുകയോ ചെയ്യുന്ന അവസ്ഥയാണ്. രാവിലെ 8.30നോ ഒമ്പതിനോ തുടങ്ങിയാലും സ്‌കൂളിലേക്കൊരുങ്ങാന്‍ കുട്ടികള്‍ക്ക് ഒരു മണിക്കൂര്‍ സമയം വേണ്ടിവരും. ഇതിനിടയില്‍ 7:30 വരെയുള്ള മദ്‌റസാ പഠനം ഒരിക്കലും സാധ്യമാവില്ല. രാജ്യത്ത് പലഭാഗത്തും മദ്‌റസകള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കെ കേരളത്തിലെ പരിഷ്‌കാരത്തെ ആശങ്കയോടെ കാണുന്നവരുമുണ്ട്. പൊതുവിദ്യാഭ്യാസവകുപ്പ് വിവാദം ഭയന്ന് വിഷയം സര്‍ക്കാരിന് വിട്ടിരിക്കുകയാണ്. ഒരാഴ്ചയ്ക്കകം വിഷയത്തില്‍ തീരുമാനമുണ്ടാവുമെന്നാണു വിവരം.
Next Story

RELATED STORIES

Share it