palakkad local

സ്‌കൂള്‍ വിപണി സജീവമായി



പാലക്കാട്: അവധിക്കാലം കഴിയാറായതോടെ സ്‌കൂള്‍ വിപണിയുടെതിരക്കാണ്. എല്‍കെ ജി മുതല്‍ കോളേജിലെ ന്യൂജന്‍ കുട്ടികളടക്കം എല്ലാവരെയും ആകര്‍ഷിക്കുന്നതാണ് വിപണി. മേയ് രണ്ടാം വാരത്തോടെ തുടങ്ങി ജൂണ്‍ മധ്യത്തോടെ അവസാനിക്കുന്ന ഈ ചെറിയ കാലയളവില്‍ സംസ്ഥാനത്ത് കോടിക്കണക്കിന് രൂപയുടെ വ്യാപാരമാണ് നടക്കുന്നത്. മാറുന്ന കാലത്തിനനുസരിച്ച് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പെന്‍സിലിന്‍ വരെ പരീക്ഷണങ്ങളുമായാണ് വ്യാപാരികളെത്തുന്നത്. ചോറ്റുപാത്രത്തിലും കുടയിലും നോട്ടുബുക്കിലും ബാഗിലും ഒതുങ്ങുന്നതല്ല ഇപ്പോഴത്തെ സ്‌കൂള്‍ വിപണി. ടാബ് ലാപ്‌ടോപ് വരെ ആവശ്യപ്പെടുന്നവരാണ് പുതുതല മുറയില്‍പ്പെട്ടവര്‍.പ്രവേശനോല്‍സവ വിദ്യാര്‍ത്ഥികളിലാണ് വ്യാപാരികള്‍ പ്രധാനമായി കണ്ണുവെക്കുന്നത്. എല്‍കെജി മുതല്‍ നാലാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ പഠനസാമഗ്രികളിലാണ് പരീക്ഷണങ്ങളേറെയും. അതത് കാലങ്ങളില്‍ കുട്ടികളെ ആകര്‍ഷിക്കുന്ന സിനിമ കഥാപാത്രങ്ങളും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും ബാഗ്, കുട, നോട്ട്ബുക്ക് തുടങ്ങിയവയില്‍ പതിയുന്നതോടെ കുട്ടികളുടെ ശ്രദ്ധ പിടിച്ചുപറ്റാനാവും. ബ്രാന്‍ഡഡ് ഉല്‍പന്ന നിര്‍മാതാക്കളും ഇത്തരം പരീക്ഷണങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഛോട്ടാ ഭീം, ബെന്‍ടെന്‍, ഡോറ, ടോം ആന്‍ഡ് ജെറി തുടങ്ങി ബാഹുബലി വരെ കുട്ടികളെ ആകര്‍ഷിക്കുവാനിടയുണ്ട്. ബാഗുകളുടെ വില 150 രൂപയില്‍ തുടങ്ങുന്നു. കുട്ടികളുടെ ബ്രാന്‍ഡഡ് ബാഗുകള്‍ക്ക് 500ന് മുകളിലാണ് വില.  വെള്ളക്കുപ്പിയിലാണ് മറ്റൊരു പ്രധാന ഇനം. ഒന്നാം ഗ്രേഡ് പ്ലാസ്റ്റിക് കുപ്പികള്‍ക്ക് 150 രൂപ നല്‍കണം. വില കുറച്ച് കൂടിയാലും സ്റ്റീല്‍ ബോട്ടിലുകള്‍ക്കും ആവശ്യക്കാരേറെയുണ്ട്. കുട വിപണിയില്‍ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ക്കാണ് ഇപ്പോഴും പ്രിയം. യൂണിഫോം വിതരണം സ്‌കൂള്‍ ഏറ്റെടുത്ത് നടത്തുകയാണിപ്പോള്‍. നോട്ട്ബുക്കുകളും വിപണിയില്‍ എത്തിതുടങ്ങി. പ്രാദേശികമായി നോട്ട്ബുക്കുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ചെറുസംഘങ്ങള്‍ സജീവമായതോടെ നോട്ട്ബുക്ക്  വിപണിയില്‍ കടുത്ത മത്സരമാണ്. ബ്രാന്‍ഡഡ് നോട്ട്ബുക്കുകള്‍ക്ക് ചെറുതിന് 25 മുതലും വലുതിന് 40രൂപമുതലുമാണ് വില ആരംഭിക്കുന്നത്. അതിനു പുറമെ, ശിവകാശിയില്‍ നിന്ന് സംസ്ഥാനത്തേക്ക് നോട്ട്ബുക്കുകള്‍ എത്തുന്നുണ്ട്. പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികളുടെ പ്ലസ്സ് വണ്‍ പ്രവേശന തിരക്കും പ്ലസ്സ് വണ്‍ വിദ്യാര്‍ത്ഥികളുടെ ഫലവും വന്ന് കഴിഞ്ഞാല്‍ വിപണി ഇനിയും ചൂടുപിടിക്കും.
Next Story

RELATED STORIES

Share it