Kollam Local

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന: ബാര്‍ബര്‍ഷോപ്പ് ഉടമ അറസ്റ്റില്‍

ശാസ്താംകോട്ട:ബാര്‍ബര്‍ഷോപ്പിന്റെ മറവില്‍ വര്‍ഷങ്ങളായി സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും കഞ്ചാവ് വില്‍പ്പന നടത്തിവന്ന ബാര്‍ബര്‍ യുവാവ് പിടിയില്‍. ബൈക്ക്, കഞ്ചാവ് തൂക്കുന്ന ഇലക്‌ട്രോണിക് ത്രാസ്, പ്ലാസ്റ്റിക് സാഷെ എന്നിവയും ഇയാളില്‍ കണ്ടെടുത്തു.

കുന്നത്തൂര്‍ നെടിയവിള ജങ്ഷനില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി സുനുവും സംഘവും നടത്തിയ റെയ്ഡിലാണ് വെട്ടിക്കവല പനവേലി ഇരണ്ണൂര്‍ ഉണ്ണി ഭവനില്‍ ഉണ്ണികൃഷ്ണന്‍(27) അറസ്റ്റിലായത്. ഇയാളുടെ പക്കല്‍ നിന്നും 150 പൊതി കഞ്ചാവ് പിടിച്ചെടുത്തു. ഏഴാം മൈല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കഞ്ചാവ് റാക്കറ്റില്‍ നിന്നുമാണ് കഞ്ചാവ് വാങ്ങിയതെന്ന് പ്രതി ചോദ്യംചെയ്യലില്‍ സമ്മതിച്ചു. കരുനാഗപ്പള്ളിയില്‍ നിന്ന് കഞ്ചാവ് വാങ്ങി നെടിയവിളയിലെ വാടക വീട്ടിലേയ്ക്ക് പോകുന്നവഴിയാണ് പ്രതി പിടിയിലായത്. നെടിയവിളയിലും പരിസരപ്രദേശങ്ങളിലുമുള്ള വിദ്യാര്‍ഥികള്‍ വന്‍തോതില്‍ കഞ്ചാവ് ഉപയോഗിക്കുന്നതായി കൊല്ലം എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ വി ആര്‍ അനില്‍കുമാറിന് ഒരാഴ്ച മുമ്പ് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് നെടിയവിളയിലും പരിസരത്തും എക്‌സൈസ് ഷാഡോ സംഘം നടത്തിയ അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. ഇവിടെയുള്ള നൂറോളം വിദ്യാര്‍ഥികള്‍ സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നതായും നെടിയവിളയിലെ ഒരു ബ്യൂട്ടിപാര്‍ലര്‍ കേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്‍പ്പന നടത്തുന്നതെന്നും ഷാഡോ സംഘം കണ്ടെത്തി. നെടിയവിളയില്‍ പ്രദേശവാസികളുടെ സഹായത്തോടെ ഒരാഴ്ച നീണ്ടുനിന്ന അന്വേഷണത്തിലൊടുവിലാണ് പ്രതിയുടെ വാടകവീടും വില്‍പ്പനസമയവും കഞ്ചാവ് കടത്തുന്ന രീതിയും സമയവും മനസ്സിലാക്കിയത്.
ഏഴാംമൈല്‍, പുത്തനമ്പലം, ചീക്കല്‍ക്കടവ് എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് പേര്‍ കൂടി സംഘത്തിലുള്‍പ്പെട്ടിട്ടുണ്ട്. ഇവരെ കണ്ടെത്താന്‍ പ്രത്യേക ടീമിനെ ചുമതലപ്പെടുത്തി.
കടത്തിക്കൊണ്ടുവരുന്ന കഞ്ചാവ് തൂക്കി സാഷെ പായ്ക്കറ്റിലാക്കി 200 മുതല്‍ 500 രൂപ വരെ വിലയ്ക്കാണ് വില്‍ക്കുന്നത്. ഗന്ധം തിരിച്ചറിയാതിരിക്കാനാണ് സാഷെ പായ്ക്കറ്റിലാക്കുന്നത്. കൊട്ടാരക്കര സ്വദേശിയായ പ്രതി നെടിയവിളയില്‍ തങ്ങുന്നതിനായി അവിടെ ബാര്‍ബര്‍ഷോപ്പ് തുടങ്ങുകയായിരുന്നു. അതിന്റെ മറവിലായിരുന്നു കഞ്ചാവ് കച്ചവടം. ഇവിടെ വിദ്യാര്‍ഥികള്‍ സ്ഥിരമായി വരുന്നത് നാട്ടുകാര്‍ ശ്രദ്ധിച്ചിരുന്നെങ്കിലും കഞ്ചാവ് വില്‍പ്പനയെപറ്റി അറിഞ്ഞിരുന്നില്ല. വരുംദിവസങ്ങളില്‍ കുന്നത്തൂര്‍ താലൂക്ക് കേന്ദ്രീകരിച്ച് കൂടുതല്‍ റെയ്ഡ് നടത്തുമെന്ന് അസി. എക്‌സൈസ് കമ്മിഷണര്‍ ജി രാധാകൃഷ്ണപിള്ള പറഞ്ഞു.
Next Story

RELATED STORIES

Share it