thrissur local

സ്‌കൂള്‍ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ലഹരി മാഫിയ സജീവം

മാള: കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ വില്‍പ്പന നടത്തുന്ന മാഫിയ സ്‌കൂള്‍ വിദ്യാര്‍ഥികളെ ലക്ഷ്യംവയ്ക്കുന്നു. വേനലവധിക്കാലം ഫലപ്രഥമായി വിനിയോഗിക്കാന്‍ ലഹരി മാഫിയ ഇപ്പോഴേ കോപ്പുകൂട്ടി തുടങ്ങിയിട്ടുണ്ട്.
നേരത്തെ കോളജ് വിദ്യാര്‍ഥികളെയായിരുന്നു ലഹരി മാഫിയ ലക്ഷ്യംവച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അത് സ്‌കൂള്‍തലത്തിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. ആളുകള്‍ സംശയിക്കില്ല എന്നതിനാലാണ് ലഹരിമാഫിയ വിദ്യാര്‍ഥികളെ വാഹകരാക്കി മാറ്റുന്നതെന്നു നാര്‍ക്കോട്ടിക് വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു. വിദ്യാര്‍ഥികളുടെ സ്‌കൂള്‍ ബാഗ് പൊലിസും എക്‌സൈസുമൊന്നും പരിശോധിക്കില്ല എന്ന് അറിയാവുന്നതിനാലാണിത്.
ക്ലാസ് കട്ട് ചെയ്ത് കറങ്ങിനടക്കുന്ന വിദ്യാര്‍ഥികളാണ് ലഹരി മാഫിയയുടെ ഇരകളായി മാറുന്നത്. സിനിമാ തിയ്യേറ്ററുകള്‍, ബസ് സ്റ്റാന്‍ഡ്, പാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ കറങ്ങുന്നവരെ ഇവര്‍ നോട്ടമിടും. കുട്ടികളുമായി ചങ്ങാത്തം കൂടിയശേഷം ആദ്യം ചെറിയ അളവില്‍ മയക്കുമരുന്ന് കൈമാറും. ഇത് ഉപയോഗിക്കുന്ന കുട്ടികള്‍ പിന്നീട് ലഹരിക്ക് അടിമകളായി മാറുന്നതോടെ ലഹരിവസ്തുക്കള്‍ കിട്ടുന്നതിന് അവര്‍ നിര്‍ദ്ധേശിക്കുന്ന ഏത് ജോലിചെയ്യാനും നിര്‍ബന്ധിതരാകും. ഇങ്ങനെയാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ലഹരിവാഹകരായി മാറുന്നത്.
വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ഏറെയുള്ള മാളയില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ അധികവും  യുവാക്കളാണ്. ആളൊഴിഞ്ഞ പ്രദേശങ്ങളില്‍ ലഹരി നുണയാനെത്തുന്ന ഇവര്‍ കഞ്ചാവ് മയക്കുമരുന്ന് മാഫിയകള്‍ക്ക് മാളയിലും പുത്തന്‍ചിറയിലും പരിസരപ്രദേശങ്ങളിലും ഒത്താശ ചെയ്തു കൊടുക്കുന്നു. അന്യ സംസ്ഥാന തൊഴിലാളികള്‍ക്കിടയിലും കഞ്ചാവിന് ആവശ്യക്കാര്‍ അധികം ആണ്.
പൊലിസും എക്‌സൈസും എത്ര ജാഗ്രത കാണിച്ചാലും രക്ഷിതാക്കള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വിദ്യാര്‍ഥികള്‍ ലഹരി മാഫിയയുടെ പിടിയിലമരും. മാള പോലിസ് സ്‌റ്റേഷന് തൊട്ടടുത്ത സ്ഥലത്ത് പോലും ലഹരിമാഫിയ സജീവമാണ്. മാള സര്‍ക്കിള്‍ ഓഫീസിന് പുറകിലുള്ള പെട്രോള്‍ പമ്പിന് സമീപത്തെ ഒഴിഞ്ഞുകിടക്കുന്ന പറമ്പില്‍ സന്ധ്യ കഴിഞ്ഞാല്‍ പിന്നെ മദ്യവും കഞ്ചാവടക്കമുള്ളവയുടെ ഉപയോഗം സ്ഥിരമാണെന്നാണ് നാട്ടുകാരുടെ പരാതി.
Next Story

RELATED STORIES

Share it