സ്‌കൂള്‍ വിദ്യാര്‍ഥികളുടെ യാത്രാ സുരക്ഷയ്ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ യാത്രാ സുരക്ഷയ്ക്കായി മോട്ടോര്‍വാഹനവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് അനുവദനീയമായതില്‍ കവിഞ്ഞ് കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോവുന്ന സ്‌കൂള്‍ വാഹനങ്ങള്‍ക്കെതിരേയും ഓട്ടോറിക്ഷ മുതലായ വാഹനങ്ങള്‍ക്കെതിരേയും കര്‍ശന നടപടിയെടുക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള വാഹനങ്ങളുടെ പിറകിലും വശങ്ങളിലും സ്‌കൂളിന്റെ ഫോണ്‍ നമ്പര്‍, ചൈല്‍ഡ് ലൈന്‍ നമ്പര്‍, 1098, മറ്റ് എമര്‍ജന്‍സി നമ്പറുകള്‍ എന്നിവയും വാഹനത്തിനുള്ളില്‍ കുട്ടികളുടെ പേരുവിവരവും രക്ഷകര്‍ത്താക്കളുടെ പേരും ഫോണ്‍ നമ്പറും അടങ്ങിയ പട്ടികയും ഉണ്ടെന്ന് ഉറപ്പുവരുത്തും. ഡ്രൈവര്‍മാര്‍ നിര്‍ദിഷ്ട യോഗ്യതയും പരിചയവും ഉള്ളവരാണെന്നും സ്വകാര്യ വാഹനങ്ങള്‍ വിദ്യാഭ്യാസ വാഹനങ്ങളായി ഉപയോഗിക്കുന്നില്ലെന്ന് സ്‌കൂള്‍ പരിസരത്തുതന്നെ പരിശോധന നടത്തി ഉറപ്പാക്കും.
വാഹനങ്ങളില്‍ അഗ്നിശമന ഉപകരണം, സ്പീഡ് ഗവേണര്‍, എമര്‍ജന്‍സി എക്‌സിറ്റ് എന്നിവ നിലവിലുണ്ടെന്നും എന്നും പ്രവര്‍ത്തനക്ഷമമാണെന്നും ബന്ധപ്പെട്ട ആര്‍ടിഒമാര്‍ ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്. ഇഐബി വാഹനങ്ങളില്‍ നിര്‍ബന്ധമായും ഡോര്‍ അറ്റന്‍ഡന്റ് ഉണ്ട് എന്ന് ഉറപ്പുവരുത്തണം. ഇവര്‍ സ്റ്റോപ്പുകളില്‍ കുട്ടികളെ റോഡ് മുറിച്ചുകടക്കുന്നതിന് സഹായിക്കണമെന്നു നിര്‍ദേശം നല്‍കണം.
അപമര്യാദയായി പെരുമാറുന്ന സ്വകാര്യ ബസ് ഉടമകള്‍, ജീവനക്കാര്‍ എന്നിവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണം. എല്ലാ സ്‌കൂളുകളിലും ഒരു അധ്യാപകനെ ട്രാഫിക് നോഡല്‍ ഓഫിസറായി നിയമിക്കണമെന്നും നിര്‍ദേശിക്കുന്നു. വിദ്യാര്‍ഥികളുടെ യാത്രാ പ്രശ്‌നങ്ങള്‍ നിരന്തരമായി നിരീക്ഷിക്കുന്നതിനും അപ്പപ്പോള്‍ പരിഹാരം തേടുന്നതിനും വിവിധ ഏജന്‍സികളുടെ (പോലിസ്, വിദ്യാഭ്യാസ വകുപ്പ് മുതലായവ) സഹായം തേടുന്നതിനുമായി ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ നിയോഗിക്കണം. ഈ ഉദ്യോഗസ്ഥന്റെ ഫോണ്‍ നമ്പര്‍ എല്ലാ സ്‌കൂള്‍ അധികാരികള്‍ക്കും ട്രാഫിക് നോഡല്‍ ഓഫിസര്‍ക്കും നല്‍കേണ്ടതുമാണെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it